Asianet News MalayalamAsianet News Malayalam

'വനിതാമതിലില്‍ അണിനിരക്കരുത്'; കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുല്ലപ്പള്ളിയുടെ കത്ത്

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുകയും വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് കാരണമാക്കുകയും ചെയ്യുന്ന വനിതാമതിലിന്റെ ആവശ്യകത വ്യക്തമാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളി നടത്തുന്നു. ശബരിമലയിലെ യുവതീ പ്രവേശനമാണ് കാരണമെങ്കിലും അത് തുറന്നു പറയാന്‍ സര്‍ക്കാരിന് നട്ടെല്ലില്ലെന്നും കത്തില്‍ പരാമര്‍ശം

kpcc president mullappally ramachandran's letter to congress workers
Author
Thiruvananthapuram, First Published Dec 22, 2018, 8:29 PM IST

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നാം തിയത് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വനിതാമതിലില്‍ പങ്കെടുക്കരുതെന്ന് കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കത്ത്. 

കത്തിന്‍റെ പൂര്‍ണരൂപം

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പണവും സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി ജനുവരി ഒന്നിന് സി.പി.എം സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് കത്തയച്ചു.

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുകയും വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് കാരണമാക്കുകയും ചെയ്യുന്ന വനിതാമതിലിന്റെ ആവശ്യകത വ്യക്തമാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളി നടത്തുന്നു. ശബരിമലയിലെ യുവതീ പ്രവേശനമാണ് കാരണമെങ്കിലും അത് തുറന്നു പറയാന്‍ സര്‍ക്കാരിന് നട്ടെല്ലില്ല.  കാരണം വനിതാമതിലിന്റെ  സംഘാടക സമിതിയുടെ ചെയര്‍മാന്‍ ഉള്‍പ്പടെ വനിതാ മതിലില്‍ പങ്കെടുക്കാന്‍ നില്‍ക്കുന്ന പല സംഘടനകളുടെയും നേതാക്കളും ഇത് അംഗീകരിക്കുന്നില്ല എന്നതാണ്. അതിനാലാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന മൂടുപടം ഇട്ടിരിക്കുന്നത്.നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ച് മതില്‍ കെട്ടിയാല്‍ മതിയോ എന്ന് അദ്ദേഹം കത്തില്‍ ചോദിക്കുന്നുണ്ട്.

നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് എല്ലാ മതവിഭാഗത്തിലും പെട്ട ജനങ്ങളുടെ കൂട്ടായ സംഭാവനായണുള്ളത്.ശ്രീനാരയണഗുരു ദേവനും ചട്ടമ്പി സ്വാമികളും, മഹാത്മാഅയ്യങ്കാളിയും, അയ്യാവൈകുണ്ഠ സ്വാമികളും മറ്റും  വെട്ടിയ ചാലുകളിലൂടെയാണ് നവോത്ഥാന പ്രസ്ഥാനം ഒഴുകിപ്പരന്നത്. വാഗ്ഭടാനന്ദന്‍, സ്വാമി ആനന്ദതീര്‍ത്ഥര്‍, സഹോദരന്‍ അയ്യപ്പന്‍, ടി.കെ.മാധവന്‍, വി.ടി.ഭട്ടതിരിപ്പാട്, മന്നത്ത് പത്മനാഭന്‍, ഡോ.പല്പു, സി.വി.കുഞ്ഞിരാമന്‍, കേളപ്പന്‍, കെ.പി.കേശവമോനോന്‍, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങി ഒട്ടേറെ പേര്‍ തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ചാണ് നവോത്ഥാന പ്രസ്ഥാനത്തെ കരുപ്പിടിപ്പിച്ചത്. ഇതോടൊപ്പെം ക്രിസ്ത്യന്‍, മുസല്‍ം ജനവിഭാഗത്തിലെ ഒട്ടേറെ പേര്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളും കൂടി ചേരുമ്പോഴേ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം പൂര്‍ണ്ണമാവുകയുള്ളൂ.

കേരളത്തില്‍ പള്ളിക്കൂടങ്ങള്‍ക്കും ഉച്ചക്കഞ്ഞി വിതരണത്തിനും തുടക്കം കുറിച്ച് ജാതിവ്യത്യാസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന ചാവറയച്ചനെന്ന മാര്‍ കുര്യാക്കോസ് ഏലിയാസ് ചാവറയെ മറക്കുന്നതെങ്ങനെ? മലയാള സാഹിത്യത്തിനും ഭാഷയ്ക്കും അര്‍ണോസ് പാതിരി നല്‍കിയ സംഭാവനകള്‍ മറക്കുന്നതെങ്ങനെ? തിരുവിതാംകൂറിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന വൈക്കം അബ്ദുള്‍ഖാദര്‍ മൗലവിയെ മറക്കാനാവുമോ? അബ്ദുറഹ്മാന്‍ സാഹിബ്ബ്, ഇ മൊയ്തു മൗലവി തുടങ്ങി എത്രയോ മഹാരഥന്മാര്‍. സി.എസ്.ഐ  മിഷനറിമാര്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകളോ? കേരളം ഇതൊന്നും ഒരു കാലത്തും മറക്കില്ല. പക്ഷേ നവോത്ഥാന മതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഇതൊക്കെ മറന്നുവെന്നും കത്തില്‍ മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ബാബറി മസ്ജിദ് പൊളിക്കുന്നതിന് കര്‍വസേവ നടത്തിയ ഒരു ഹിന്ദു പാര്‍ലമെന്റ് നേതാവിനെയാണ് നവോത്ഥാന മതില്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്നില്‍ നിര്‍ത്തിയിരിക്കുന്നതെന്ന് കത്തില്‍ മുല്ലപ്പള്ളി പരിഹസിക്കുന്നുണ്ട്.തീവ്ര വര്‍ഗ്ഗീയ  നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ പിണറായിക്ക് സിന്താബാദ് വിളിച്ചാല്‍ അവരുടെ നിലപാടുകളെ സി.പി.എം വിശുദ്ധ വത്ക്കരിക്കുകയാണ് ചെയ്യുന്നത്. ഇത് കാരണമാണ് ഈ മതില്‍ സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് കാരണമാവുമെന്ന് പറയുന്നതെന്ന് മുല്ലപ്പള്ളി പ്രവര്‍ത്തകരോട് കത്തില്‍ വിശദീകരിക്കുന്നു.

ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വിവേകശൂന്യമായ എടുത്തു ചാട്ടവും പിടിവാശിയും ആണ്. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വരുന്നതിന് മുന്‍പ് അത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി തുടങ്ങിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ശബരിമലയുമായി ബന്ധപ്പെട്ടവരുമായോ, പ്രതിപക്ഷവുമായോ എന്തിന് സ്വന്തം മുന്നണിയിലോ മന്ത്രിസഭയിലോ പോലും ചര്‍ച്ച നടത്താന്‍ പോലും അദ്ദേഹം തയ്യാറായില്ല.  ആ എടുത്തു ചാട്ടത്തിന് വലിയ വിലകേരളം നല്‍കേണ്ടി വന്നു.  ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഗൂഢ ലക്ഷ്യം ശബരിമല വിഷയം ആളിക്കത്തിച്ചാല്‍  വര്‍ഗ്ഗീയ വാദികള്‍ അതില്‍ നിന്ന്  മുതലെടുപ്പ് നടത്തി വളരുമെന്നും അത് വഴി ജനാധിപത്യ ശക്തികളെ തളര്‍ത്താമെന്നും അദ്ദേഹം കണക്കു കൂട്ടിയെന്നും മുല്ലപ്പള്ളി കത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്  വനിതാമതിലിനായി ഒരു പൈസയും ചിലവാക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും പണം ചിലവഴിക്കുന്നതിലെ ന്യായീകരണങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അക്കമിട്ട് നിരത്തുന്നത്. സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലോ സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചോ നടത്തുന്ന ഏതൊരു പരിപാടിയും പോലെയാണ് ഇതും എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നിട്ടും സര്‍ക്കാര്‍ പണം ചിലവഴിക്കില്ലെന്ന നുണ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യുന്നത്.

പ്രളയത്തിനിരയായി കിടപ്പാടം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും അന്യരുടെ വീടിന്റെ ടെറസിലും കടവരാന്തകളിലും അന്തിയുറങ്ങുമ്പോഴാണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത്.മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഇത്. സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കുകയും സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന വര്‍ഗീയ മതിലിനെ ശക്തിയുക്തം എതിര്‍ക്കേണ്ടത് നാടിനെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. അതിനാല്‍ സി.പി.എമ്മിന്റെ ഈ വര്‍ഗ്ഗീയ മതില്‍ സംരംഭത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന യാതൊരു നടപടിയിലും കോണ്‍ഗ്രസുമായും യു.ഡി.എഫുമായും ബന്ധമുള്ള ആരും ഏര്‍പ്പെടരുതെന്ന് മാത്രമല്ല ശക്തിയായി എതിര്‍ത്തു തോല്പിക്കാന്‍ രംഗത്തിറങ്ങണമെന്നും മുല്ലപ്പള്ളി കത്തില്‍ ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios