Asianet News MalayalamAsianet News Malayalam

കുവൈത്തിലെ വിദേശതൊഴിലാളികളെ തിരിച്ചയ്ക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം

Kuwait job follow up
Author
First Published Feb 26, 2018, 10:32 PM IST

കരാര്‍ പ്രകാരമുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദേശതൊഴിലാളികളെ തിരിച്ചയ്ക്കാനുള്ള നിര്‍ദേശത്തിന് കുവൈത്ത് ആഭ്യന്തര, പ്രതിരോധകാര്യ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കി. മലയാളികള്‍    അടക്കമുള്ള പതിനായിരങ്ങളാണ് കരാര്‍ അടിസ്ഥാനത്തില്‍ കുവൈത്തിൽ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, വിദേശ തൊഴിലാളികള്‍ക്ക് കുവൈത്തില്‍ തങ്ങാനുള്ള കാലാവധി പത്തുവര്‍ഷമായി നിജപ്പെടുത്തണമെന്ന നിർദേശം സമിതി തള്ളി. പല മേഖലകളിലും തൊഴിലാളികൾക്ക് ക്ഷാമം നേരിട്ടേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്. ഓരോ മേഖലയിലും വേണ്ട തൊഴിലാളികളുടെ കൃത്യം എണ്ണം കണ്ടെത്താൻ ഇ ഗവൺമെന്റ് സംവിധാനം കാര്യക്ഷമമാക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യാനുപാതം സന്തുലിതമാക്കുന്നതിന് വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ ഏക വനിതാ എംപിയായ സാഫാ അല്‍ ഹാഷിമിന്റെ നിര്‍ദേശങ്ങളിലൊന്നായിരുന്നു ഇത്. പദ്ധതികള്‍ പൂര്‍ത്തിയായശേഷം വിദേശതൊഴിലാളികളെ മടക്കി അയയ്ക്കണമെന്നും സര്‍ക്കാരിന്റെ ഇ ഗവണ്‍മെന്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ കമ്മിറ്റി അംഗീകരിച്ചതായി വക്താവ് നായെഫ് അല്‍ മിര്‍ദാസ് എംപി വ്യക്തമാക്കി. ഇ-ഗവണ്‍മെന്റ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ ആവശ്യമായ തൊഴിലാളികളുടെ കൃത്യമായ എണ്ണം കണ്ടെത്താനാവും.

എന്നാല്‍, വിദേശതൊഴിലാളികള്‍ക്ക് കുവൈത്തില്‍ തങ്ങാനുള്ള കാലാവധി പത്തുവര്‍ഷമായി നിജപ്പെടുത്തണമെന്ന അല്‍ ഹാഷിമിന്റെ നിര്‍ദേശം പാര്‍ലമെന്ററി കമ്മിറ്റി നിരസിച്ചു. പത്തുവര്‍ഷമായി കാലാവധി വെട്ടിക്കുറച്ചാല്‍ ചില ജോലികള്‍ക്ക് തൊഴിലാളികളുടെ ക്ഷാമം വരുമെന്ന് കമ്മിറ്റി വിലയിരുത്തി. അഞ്ചു നിര്‍ദേശങ്ങളാണ് സാഫാ അല്‍ ഹാഷിം കമ്മിറ്റിക്കുമുന്നില്‍ അവതരിപ്പിച്ചത്. സ്‌പോണ്‍സര്‍മാര്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മറ്റ് മൂന്ന് നിര്‍ദേശങ്ങള്‍ കമ്മിറ്റി തള്ളിക്കളഞ്ഞു.

Follow Us:
Download App:
  • android
  • ios