Asianet News MalayalamAsianet News Malayalam

നഗരസഭയുടെ നോട്ടീസിന് പുല്ലുവിലകൊടുത്ത് തോമസ്ചാണ്ടിയുടെ റിസോര്‍ട്ട് അധികൃതര്‍

lake palace resort
Author
First Published Oct 20, 2017, 7:50 PM IST

ആലപ്പുഴ: രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിട്ടും മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ക്ക് കുലുക്കമില്ല.  കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന ആലപ്പുഴ നഗരസഭയുടെ നോട്ടീസിന് 25 ദിവസമായിട്ടും മറുപടിയില്ല. ഇതിനെതിരെ നഗരസഭ ഒരു നടപടിയും  എടുക്കുന്നുമില്ല.

മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്‍റെ കെട്ടിടാനുമതിയ്ക്കായി സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായെന്ന് സ്ഥിരീകരിക്കുന്നത് ഏഷ്യാനെറ്റ്ന്യൂസ് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയെത്തുടര്‍ന്നാണ്. നഗരസഭയില്‍ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. 

അങ്ങനെ സപ്തംബര്‍ മാസം 22ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം രേഖകള്‍ക്ക് വേണ്ടി ലേക് പാലസ് റിസോര്‍ട്ടിന് നോട്ടീസയക്കാന്‍ തീരുമാനിക്കുകയായിരുന്നു. നോട്ടീസ് കിട്ടി പതിനഞ്ച് ദിവസത്തിനകം കെട്ടിടത്തിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നാണ് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. റിസോര്‍ട്ട് നില്‍ക്കുന്ന ഭൂമിയുടെ ആധാരവും കരം തീര്‍ത്ത രസീതും കൈവശാവകാശ സര്‍ട്ടിഫക്കറ്റടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ റിസോര്‍ട്ടധികൃതര്‍ നോട്ടീസ് കൈപ്പറ്റിയിട്ട് ഇക്കഴിഞ്ഞ പത്താംതീയ്യതി പതിനഞ്ച് ദിവസം പൂര്‍ത്തിയായി. 

രേഖകളൊന്നും ഹാജരാക്കിയില്ലെന്ന് മാത്രമല്ല ഒരു മറുപടി പോലും നഗരസഭയ്ക്ക് കൊടുത്തില്ല. എന്നാല്‍ പതിനഞ്ച് ദിവസത്തിനകം രേഖകള്‍ സമര്‍പ്പിക്കാത്ത ലേക് പാലസ് റിസോര്‍ട്ടിനെതിരെ ഒന്നും ചെയ്യാന്‍ നഗരസഭയ്ക്ക് കഴിയുന്നുമില്ല. നഗരസഭയില്‍ നിന്ന് കാണാതായ ഫയലുകളില്‍ ഉണ്ടാവേണ്ട അടിസ്ഥാന രേഖകളെല്ലാം സ്വാഭാവികമായും ലേക് പാലസ് റിസോര്‍ട്ട് അധികൃതരുടെ കയ്യിലും ഉണ്ടാവേണ്ടതാണ്. 

എന്തുകൊണ്ടാണ് ഈ രേഖകള്‍ ഹാജരാക്കത്തത് എന്ന കാര്യമാണ് ദുരൂഹമായി തുടരുന്നത്. അതിനിടെ ലേക് പാലസ് റിസോര്‍ട്ടില്‍ നഗരസഭ എഞ്ചിനീയര്‍ അനധികൃതമെന്ന കണ്ടെത്തിയ അഞ‍്ചു കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ തന്നെ പരസ്യമായി പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ ഒരു നോട്ടീസ് പോലും ലേക് പാലസ് റിസോര്‍ട്ടിന് നല്‍കിയിട്ടില്ല.

Follow Us:
Download App:
  • android
  • ios