Asianet News MalayalamAsianet News Malayalam

ചരക്കുസേവന നികുതി ബിൽ ലോക്‌സഭ പാസാക്കി

LS clears GST bill
Author
Delhi, First Published Aug 8, 2016, 2:43 PM IST

ദില്ലി: ചരക്കുസേവന നികുതി ബില്ല് ലോക്‌സഭ പാസാക്കി. ഏകകണ്ഠമായാണ് ലോക്‌സഭ ബില്ല് പാസാക്കിയത്. എഐഎഡിഎംകെ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. നികുതി ഭീകരതയിൽനിന്ന് ഇന്ത്യക്ക് മോചനമായെന്ന് ബില്ലിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പറഞ്ഞു.

ജിഎസ്‌ടി ബിൽ പാസാവുന്നത് ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയമല്ലെന്നും എല്ലാവരുടേയും വിജയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജിഎസ്‌ടി, വില വര്‍ദ്ധനക്ക് ഇടയാക്കുമെന്ന കോണ്‍ഗ്രസ് നിലപാട് ബാലിശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്‌ടി നടപ്പിലാവുന്നതോടെ നികുതി വെട്ടിപ്പും കള്ളപ്പണവും പരിധിവരെ തടയാന്‍ കഴിയുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

122-ാം ഭരണഘടനാ ഭേദഗതിയായിട്ടാണ് ബില്ല് പാസ്സായത്. ചരക്കുസേവന നികുതി ബിൽ ഒമ്പത് മാറ്റങ്ങളോടെയാണ് രാജ്യസഭ പാസ്സാക്കിയത്. ഈ സാഹചര്യത്തിലാണ് അനുമതിക്കായി ബില്ല് വീണ്ടും ലോക്‌സഭയിൽ എത്തിയത്. ബില്ല് പാസാക്കിയശേഷം ലോക്‌സഭാ ഇന്നത്തേക്ക് പിരിഞ്ഞു.

ലോക്‌സഭ അനുമതി നല്‍കിയതോടെ രാഷ്ടപതി ബില്ല് സംസ്ഥാനങ്ങളുടെ അനുമതിക്കായി അയയ്ക്കും. പകുതി നിയമസഭകൾ ബില്ല് പാസാക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഈ മാസം ഇരുപത്തിയേഴിന് ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ വിളിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios