Asianet News MalayalamAsianet News Malayalam

എം ഐ ഷാനവാസ് എം പി അന്തരിച്ചു

വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 

M I Shanvas M P Passed Away
Author
Chennai, First Published Nov 21, 2018, 5:29 AM IST

ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.  കരൾ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്‍റെ ആരോഗ്യസ്ഥിതി  കഴിഞ്ഞ ദിവസം അണുബാധയെത്തുടർന്നു വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൂടിയായിരുന്നു എം ഐ ഷാനവാസ്. 

അഭിഭാഷകനായിരുന്ന  ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം.  കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം എയും എറണാകുളം ലോ കോളേജിൽ നിന്ന് എൽഎൽബിയും നേടി. 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ 'തിരുത്തല്‍വാദി'കളായ നേതാക്കളില്‍ ഒരാളായിരുന്നു.

1987ലും 1991ലും വടക്കേക്കരയിലും 1996 ല്‍ പട്ടാമ്പിയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി. 1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്കു ശേഷം പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി.  2014ലെ തിരഞ്ഞെടുപ്പില്‍ 20870 വോട്ടുകള്‍ക്ക് വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫിന്‍റെ സത്യന്‍ മൊകേരിയെയാണ് പരാജയപ്പെടുത്തിയത്.

കരൾ രോഗത്തെത്തുടർന്ന് കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനാണ് ശസ്ത്രക്രിയ കഴിഞ്ഞത്. അണുബാധയെത്തുടർന്നു ആരോഗ്യനില 5 ന് വഷളാകുകയായിരുന്നു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.  മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുവരും. സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ നടക്കും.


 

Follow Us:
Download App:
  • android
  • ios