news
By Web Desk | 08:40 AM April 12, 2018
അധികാരം അനീതിക്കൊപ്പമാവുന്നത് അപമാനകരം; ഹാരിസണ് അനുകൂലമായ ഹൈക്കോടതി വിധിയ്ക്കെതിരെ സ്വരാജ്

Highlights

  • അധികാരം അനീതിക്കൊപ്പമാവുന്നത് അപമാനകരം
  • ഹാരിസണ്‍ വിഷയത്തില്‍ പ്രതികരണവുമായി സ്വരാജ്

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന് അടക്കമുള്ള വിവിധ പ്ലാന്‍റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍  നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എംഎല്‍എ എം സ്വരാജ്. ഹാരിസൺ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വർദ്ധിപ്പിക്കുന്നതല്ല. വിധി ജനങ്ങൾക്കെതിരാണ്. പാവപ്പെട്ടവന്റെ താൽപര്യങ്ങൾക്കെതിരാണ്; സ്വരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.  

ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങൾ ജീവിക്കുന്ന നാട്ടിൽ, തലചായ്ക്കാൻ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നിൽ, 38,000 ഏക്ര ഭൂമി കൈവശം വെയ്ക്കുന്നവർ കുറ്റവാളികളാണ്. മേൽ നടപടി സ്വീകരിക്കേണ്ടവർ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യമാണെന്നും സ്വരാജ് ചോദിച്ചു. സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കൺമുന്നിൽ അനീതിയും നിയമ ലംഘനവും നടക്കുമ്പോൾ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരവും അപമാനകരവുമാണെന്നും സ്വരാജ്. 

സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുകളെല്ലാം സംസ്ഥാന സര്‍ക്കാരിന് വന്നു ചേരുമെന്നും അതിന്‍റെ ഉടമസ്ഥന്‍ സര്‍ക്കാരാണ് എന്നതിനാല്‍ പ്ലാന്‍റേഷന്‍  ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമായിരുന്നു എം.ജി.രാജമാണിക്യം കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ രാജമാണിക്യം റിപ്പോര്‍ട്ട് തന്നെ ഹൈക്കോടതി റദ്ദാക്കി.

സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് വിധി പ്രസ്താവിച്ചു കൊണ്ട് ഹൈക്കോടതി നടത്തിയത്. വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്‍റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം ഐഎഎസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്

 

  

സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം

വിധി പ്രഹരമേൽപിച്ചത് കേരളത്തെ ...

എം. സ്വരാജ് .

കോടതികളുടെ നിലനിൽപ് കോടതി വിധികളോടുള്ള സാധാരണ ജനങ്ങളുടെ ബഹുമാനത്തെ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞത് ന്യൂ ജഴ്സിയിലെ പഴയ ചീഫ് ജസ്റ്റീസായിരുന്ന ആർതർ ടി വാണ്ടർ ബിൽറ്റായിരുന്നു.

ഹാരിസൺ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വർദ്ധിപ്പിക്കുന്നതല്ല. വിധി ജനങ്ങൾക്കെതിരാണ്. പാവപ്പെട്ടവന്റെ താൽപര്യങ്ങൾക്കെതിരാണ് .

ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങൾ ജീവിക്കുന്ന നാട്ടിൽ ,
തലചായ്ക്കാൻ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നിൽ ,
38,000 ഏക്ര ഭൂമി കൈവശം വെയ്ക്കുന്നവർ കുറ്റവാളികളാണ്.

ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോൾ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ് . ആ തെറ്റിന് മേൽ നടപടി സ്വീകരിക്കേണ്ടവർ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യമാണ്. ?

സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കൺമുന്നിൽ 
അനീതിയും നിയമ ലംഘനവും നടക്കുമ്പോൾ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരമാണ്. അപമാനകരമാണ്.

പാട്ടക്കാലാവധി കഴിഞ്ഞ , അന്യായമായി കൈവശം വെയ്ക്കുന്ന പതിനായിരക്കണക്കിന് എക്ര ഭൂമിയുടെ യഥാർത്ഥ അവകാശികൾ ഈ നാട്ടിലെ ഭൂരഹിതരായ ദരിദ്രരാണ്. തങ്ങൾക്കവകാശപ്പെട്ട ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ മറ്റാരുടേയും അനുവാദത്തിന് കാത്തു നിൽക്കേണ്ടതില്ലെന്ന് ദരിദ്രരായ ജനങ്ങൾ തിരിച്ചറിയും. ചിലതരം വിധികൾ നിയമവാഴ്ചയെത്തന്നെ ദുർബലപ്പെടുത്തിയേക്കും.

Show Full Article


Recommended


bottom right ad