Asianet News MalayalamAsianet News Malayalam

പൊലീസ് രാജ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും: എം ടി രമേശ്

നിരപരാധികളെ വീട്ടില്‍ കയറി സ്ത്രീകളുടേയും കുട്ടികളുടേയും മുന്നില്‍ വച്ച് അസഭ്യം പറഞ്ഞാണ് അറസ്റ്റ് ചെയ്യുന്നത്. അയ്യപ്പ ഭക്തര്‍ക്ക് ഒരു രീതിയും ബാക്കിയുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് ഇവിടെ നടക്കുന്നത്. 

m t ramesh attack cm pinarayi vijayan and police action related to violence in sabarimala
Author
Kozhikode, First Published Oct 26, 2018, 5:34 PM IST

കോഴിക്കോട്:  ശബരിമലയിലും നിലയ്ക്കലിലുമായി നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നുവെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.  പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ പുറത്തുവിട്ടിട്ടുള്ള പലരും നിരപരാധിയാണെന്ന്  എം.ടി.രമേശ് പറഞ്ഞു.  നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പിന്നില്‍ പൊലീസുകാരാണ്. ട്രെയിനിംഗ് പൂര്‍ത്തിയാക്കാത്ത പൊലീസുകാരെ എത്തിച്ചായിരുന്നു നിലയ്ക്കലെ പ്രശ്നങ്ങളെ നേരിടാന്‍ എത്തിച്ചത്. സിവില്‍ വേഷത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് നിലയ്ക്കലില്‍ അക്രമങ്ങള്‍ക്ക് വഴിമരുന്നിട്ടതെന്ന് എം ടി രമേശ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ ആരോപിച്ചു. 

ഈ കാര്യത്തില്‍ പൊലീസിന്റെ കള്ളത്തരം വ്യക്തമാണ്. കള്ളക്കേസ് ചുമത്തി നിരപരാധികളെ ജയിലില്‍ അടച്ച് ഈ പ്രക്ഷോഭത്തെ നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നത്.  നിരപരാധികളെ വീട്ടില്‍ കയറി സ്ത്രീകളുടേയും കുട്ടികളുടേയും മുന്നില്‍ വച്ച് അസഭ്യം പറഞ്ഞാണ് അറസ്റ്റ് ചെയ്യുന്നത്. അയ്യപ്പ ഭക്തര്‍ക്ക് ഒരു രീതിയും ബാക്കിയുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് ഇവിടെ നടക്കുന്നത്. ഡിജിപി പുറത്ത് വിട്ട ലുക്ക് ഔട്ട് നോട്ടീസിന് സമാനമായ ഒരു ലുക്ക് ഔട്ട് നോട്ടീസ് ബിജെപി പുറത്ത് വിടും. നിലയ്ക്കലില്‍ പൊലീസ് നിര്‍ദേശമനുസരിച്ച് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തല്ലിപ്പൊളിക്കുന്ന പൊലീസുകാരുടേതാവും ആ ചിത്രങ്ങള്‍ എന്നും എം.ടി.രമേശ് പറഞ്ഞു. ആ പൊലീസുകാര്‍ ആരാണെന്ന് കേരളം തിരിച്ചറിയെട്ടെ.ആ പൊലീസുകാരും നിയമപരമായ നടപടി നേരിടേണ്ടി വരും. ഈ സംഭവങ്ങളെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്ന് എംടി രമേശ് കോഴിക്കോട് വ്യക്തമാക്കി. 

കോടതിയലക്ഷ്യത്തിന് കേസ് എടുക്കേണ്ടത് ഐജി ശ്രീജിത്തിനും അദ്ദേഹത്തിന്റെ പൊലീസുകാര്‍ക്കും എതിരെയാണെന്ന് എംടി രമേശ് പറഞ്ഞു. അഹിന്ദുക്കളായി ശബരിമലയില്‍ പ്രവശിക്കാന്‍ ശ്രമിച്ചവരും അവര്‍ക്ക് സുരക്ഷ ഒരുക്കിയവരുമാണ് കോടതിയലക്ഷ്യം കാണിച്ചതെന്ന് എംടി രമേശ് ആരോപിച്ചു. ശബരിമലയില്‍ എത്ര നേരം ആളുകള്‍ സന്നിധാനത്ത് തങ്ങണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ലെന്നും എംടി രമേശ് പറഞ്ഞു. ഇല്ലാത്ത അധഇകാരം വരുത്തി തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ട. ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടത് തന്നെ ഇരുപത്തിനാലു മണിക്കൂര്‍ വേണ്ടി വരും. അതിന് ശേഷമാണ് നെയ്യഭിഷേകം നടത്തേണ്ടത്. നെയ്യഭിഷേകം എകെജി സെന്ററില്‍ നടത്താന്‍ ആവുമോയെന്നും എം ടി രമേശ് ചോദിച്ചു. 

ശബരിമലയെക്കുറിച്ച് പ്രാഥമിക ബോധമില്ലാതെ വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കണ്ട. പൊലീസ് രാജ് അവസാനിപ്പിച്ച് നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും എംടി രമേശ് കോഴിക്കോട് പറഞ്ഞു. വിശ്വാസികളായ ഒരു യുവതിയെയും തടഞ്ഞിട്ടില്ലെന്നും എംടി രമേശ് പറഞ്ഞു. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസിലാക്കണം. അല്ലാത്ത പക്ഷം പൊലീസ് രാജിനെതിരെ ആയിരക്കണക്കിന് ഭക്തന്മാര്‍ ശരണമന്ത്രങ്ങളോടെ നേരിടുമെന്നും എംടി രമേശ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios