Asianet News MalayalamAsianet News Malayalam

നിഷ ജോസിന്റെ പുസ്തകത്തിലെ 'തീവണ്ടി ചെകുത്താന്‍'മാരെ കുറിച്ച് മാലാ പാര്‍വ്വതി

  • ആളുകള്‍ ഭയക്കാതെ സംസാരിക്കട്ടെ
  •  പറയാന്‍ പറ്റുന്നത്ര പറയട്ടെ
  • നിഷയുടെ പുസ്തകത്തെ കുറിച്ച് മാലാ പാര്‍വ്വതി
Maala PARVATHI FB POST ON NISHA JOSE BOOK

നിഷ ജോസിന്‍റെ 'ദി അദര്‍ സൈഡ് ഓഫ് ദി ലൈഫ്' എന്ന പുസ്തകത്തെ കുറിച്ച് ഉയരുന്ന വിവാദത്തിനെതിരെ നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലാ പാര്‍വ്വതി. നിഷയുടെ പുസ്തകത്തെ ചൊല്ലി എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്നും പാര്‍വ്വതി ചോദിക്കുന്നു. ഇത്തരത്തില്‍ ട്രെയിനില്‍ ശല്യം ചെയ്യുന്നവരെ തീവണ്ടി ചെകുത്താനെന്നാണ് സഞ്ജയന്‍ വിളിച്ചിരുന്നതെന്നും ഇത്തരക്കാര്‍ എല്ലായിടത്തുമുണ്ടെന്നും അവര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

സ്വയം വിമര്‍ശനങ്ങളടക്കം പലവിഷയങ്ങളെ കുറിച്ചും നിഷ തന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ വിവാദമാക്കാന്‍ തെരഞ്ഞെടുത്തത് തീവണ്ടിയാത്രയിലെ അനുഭവമാണ്. പുസ്തകത്തില്‍ നിഷ ഒരാളെ വെള്ളത്തില്‍നിന്ന് രക്ഷിച്ചതായി പറയുന്നുണ്ട്. രക്ഷിച്ച ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇത് പറയണോ എന്നും അല്ലെങ്കില്‍ ഇതിനെ  ധീരതയ്ക്കുള്ള അവാര്‍ഡിനായുള്ള തന്ത്രമാണെന്ന് വ്യാഖ്യാനിക്കുമോ എന്നും പാര്‍വ്വതി ചോദിക്കുന്നു. 

 

മാലാ പാര്‍വ്വതിയുടെ പോസ്റ്റ് വായിക്കാം

നിഷാ ജോസ് രചിച്ച 'The other side of Life ' എന്ന പുസ്തകത്തില്‍, ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ തനിക്ക് ഉണ്ടായ ഒരു അസൗകര്യത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. രാത്രി യാത്ര ചെയ്യവെ, റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇങ്ങോട്ട് വന്ന് പരിചയം പുതുക്കി, ആ പരിചയത്തിന്റെ പുറത്ത് ,സ്വന്തം ബെര്‍ത്തില്‍ പോയിരുന്ന് നേരം വെളുപ്പിക്കാതെ, അപ്പോള്‍ പരിചയം പുതുക്കി,സൗഹൃദം സ്ഥാപിച്ച സ്ത്രീയുടെ ബര്‍ത്തില്‍ പോയിരുന്ന് കത്തി വെച്ചതിനെ കുറിച്ചാണ്. തീര്‍ച്ചയായിട്ടും ഇത് ഒരു പീഢന ഗണത്തില്‍ ഒന്നും പെടല്ലെങ്കിലും നല്ല രീതിയില്‍ ഉത്കണ്ഠ ഉണ്ടാക്കാം. ഒന്നാമത് ശ്ശെടാ.. ഇത് എന്തൊരു തൊല്ലയാണ്.. ഇയാള്‍ക്കീ പാതിരാത്രി ഇവിടെ വന്നിരുന്ന് വര്‍ത്തമാനം പറയേണ്ട കാര്യമെന്ത് എന്നും നാട്ട്കാര്‍ എന്ന് ചെല്ലപ്പേരുള്ള സദാചാര സേവകര്‍ക്ക്.. ''അത് ശരി! ഇവര് രണ്ട് പേരും ഒരുമിച്ചെന്താ പരിപാടി. അതും രാത്രി ' എന്ന് ചിന്തിക്കുമല്ലോ എന്നാലോചിച്ചും മനസ്സമാധാനം പോകാം. പണ്ട് സഞ്ജയന്‍ ഇത് പോലെയുള്ളവരെ തീവണ്ടി ചെകുത്താന്‍ എന്ന് വിളിച്ചത് ഓര്‍മ്മ വരുന്നു. കൂടെ ഉള്ള സഹയാത്രികന്റെയോ സഹയാത്രികയുടെയോ മനസ്സ് മനസ്സിലാക്കാതെ കൊച്ച് വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുകാ. ഇടയ്ക്കിടയ്ക്ക് കൈയ്യിലൊ കാലിലോ അറിയാതെ ഉരസ്സി പോവുക... ഇത് ഒരു ശല്യ ഗണത്തില്‍. പെടുന്നതാണ്. എന്നതായിരി ഇത് ഒരു ഔചിത്യത്തിന്റെ പ്രശ്‌നമാണ്.

തീവണ്ടിയില്‍ മാത്രമല്ല പലയിടത്തും നമുക്കിങ്ങനെ ഉള്ളവരെ കാണാന്‍ കഴിയും. പാര്‍ക്കില്‍ നടക്കാന്‍ പോകുമ്പോള്‍ പാട്ട് കേട്ട് നടക്കുന്നത് ഒരു സന്തോഷമാണ്. അന്ന് കേള്‍ക്കേണ്ട പാട്ടിന്റെ ഒരു പ്ലേലിസ്റ്റ് ഒക്കെ ഉണ്ടാക്കിയാണ് നടക്കാന്‍ ഇറങ്ങുക. അപ്പൊ ചിലര്‍ ഇത് പോലെ അവരുടെ നടത്ത നമ്മളോടൊപ്പം ആക്കും. ഹലോ.. അല്ല. എനിക്കല്പം തിരക്കുണ്ടായിരുന്നു. എന്ന് പറഞ്ഞാല്‍ ചുറ്റും നോക്കും. ഒറ്റയ്‌ക്കേല്ലേ? പിന്നെന്താ? ഞാന്‍ ഒരു കംപനി തരാമെന്ന്... എന്നിട്ട് വര്‍ത്തമാനം പറഞ്ഞ് മുടിക്കും. പിന്നെ പിറ്റേ ദിവസം മുതല്‍ ബെസ്റ്റ് ഫ്രെണ്ടാണെന്നും പറയും. ഇതൊന്നും തീര്‍ച്ചയായും പീഢനമല്ല. എന്നാല്‍ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് എന്ന് ഞാന്‍ കരുതുന്നു.

പറഞ്ഞ് തുടങ്ങിയതും ,പറഞ്ഞ് വന്നതും നിഷയെ കുറിച്ചാണ്.നിഷയുടെ പുസ്തകം, നിഷയുടെ ജീവിതത്തിലെ അനുഭവങ്ങളുടെ ഒരു രേഖപ്പെടുത്തലാണ്.പല കാര്യങ്ങള്‍ ഉണ്ടതില്‍. സ്വയം വിമര്‍ശിച്ചും, സ്വന്തമായി കളിയാക്കിയും, ചെയ്യാന്‍ കഴിഞ്ഞ ചില നല്ല കാര്യങ്ങള്‍ കുറിച്ചും ഒരു ഓര്‍മ്മപ്പുസ്തകം. അതിലെ ഒരു വിഷയം മാത്രമാണ് ഈ ട്രെയിന്‍ യാത്ര. ഇതിലും നമ്മള്‍ വിവാദം കണ്ടെത്തിയിരിക്കുന്നു. ആരാണെന്ന് പറയണം എന്ന്! എന്തിന്? എനിക്ക് മനസ്സിലാവുന്നില്ല. അവര് കേസ് കൊടുക്കാനോ പരാതി കെടുക്കാനോ ഒന്നും പോകുന്നില്ല. അവരുടെ പുസ്തകത്തില്‍ ഒരു അനുഭവം എഴുതി. അത്രെ ഉള്ളു. അതിന് ഇത്രയും അസഹിഷ്ണുത എന്തിനാണെന്ന്? ഇവരുടെ ഇതേ പുസ്തകത്തില്‍ അവര്‍ പുഴയില്‍ ചാടി ഒരു ജീവന്‍ രക്ഷിച്ച കാര്യം പറഞ്ഞിട്ടുണ്ട്. ആ വ്യക്തിയുടെയും പേര് പറഞ്ഞതായി ഓര്‍ക്കുന്നില്ല. അപ്പൊ ഇനി അതും പറയേണ്ടി വരുമോ? അല്ലെങ്കില്‍ ധീരതയ്ക്കുള്ള അവാര്‍ഡിനായുള്ള തന്ത്രമാണെന്ന് വ്യാഖ്യാനിക്കുമോ?

ഒരാള്‍ ഒരു പുസ്തകമെഴുതി,, ഒരു സ്ത്രീ. സമൂഹത്തിലെ പല വിഷയങ്ങളോടും പ്രതിബദ്ധതയോടെ ഇടപെടുന്ന ഒരു സ്ത്രീ.അവരുടെ അനുഭവങ്ങള്‍ കുറിച്ചു.പുറകേ വിവാദങ്ങളും വന്നു. ഇങ്ങനെയുള്ള വിവാദങ്ങളാണ് പലപ്പോഴും തളര്‍ത്തുന്നത്. ചിലരെ, പലരേ, മിക്കവരെയും..! വേണ്ട.. ഒന്നിനും ഇറങ്ങണ്ട. അല്ലെങ്കില്‍ നമുക്കും ഇത് പോലൊക്കെ.. മിണ്ടാതെ ജീവിച്ച് പോകാം. ചാവുന്ന വരെ. എല്ലാവരെയും പേടിച്ച്.ആരുടെയും കണ്ണില്‍ പെടാതെ..! വല്ലതും പറഞ്ഞ് പോയാല്‍ ഇത് പോലെ.. നിഷയ്ക്ക് പറ്റുന്നത് പോലെ.. ചുറ്റും നിന്ന് അസഹിഷ്ണുത കാട്ടി മനസ്സ് തളര്‍ത്തും. എന്തിനാ വെറുതേ? പൊല്ലാപ്പ്.. ഈ എഴുതാനും പറയാനുമുള്ള അവകാശം കിട്ടുന്ന നാട്ടിലേയ്ക്കായി കാത്തിരിക്കാം. ഇന്ന് അതില്ല എന്നല്ല. പണ്ടത്തെ അപേക്ഷിച്ച് ഭേദമാണ് .എങ്കിലും പൊതു രംഗത്തേക്ക് കടന്ന് വരുന്നവരോട് നാം കാണിക്കുന്ന അസഹിഷ്ണുത പലപ്പോഴും ദുഃഖിപ്പിക്കുന്നതാണ് .എല്ലാവരും പറയട്ടെ... ഭയക്കാതെ പറയട്ടെ.. അതല്ലേ നമ്മുടെ നാടിന്റെ പ്രത്യേകതയായി മറ്റുള്ളവര്‍ കാണുന്നത്. ഭയമില്ലാതെ സംസാരിക്കാന്‍ പറ്റുന്ന നാട് എന്ന് പ്രകാശ് രാജ് പറഞ്ഞപ്പോള്‍ കൈയ്യടിച്ചവരല്ലേ നമ്മള്‍.. നമ്മുടെ നാട്ടിലെങ്കിലും ആളുകള്‍ ഭയക്കാതെ സംസാരിക്കട്ടെ. പറയാന്‍ പറ്റുന്നത്ര പറയട്ടെ!

Follow Us:
Download App:
  • android
  • ios