Asianet News MalayalamAsianet News Malayalam

മക്കയിലെ ടാക്സി സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും സ്വദേശിവത്കരിക്കുന്നു; നിരവധിപ്പേര്‍ക്ക് ജോലി നഷ്ടമാകും

Makkah taxi sector to be restricted to saudi citizens
Author
First Published Oct 19, 2017, 11:57 PM IST

മക്കയിലെ ടാക്‌സി സര്‍വീസുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുന്നു. എഴായിരത്തോളം സ്വദേശികള്‍ക്ക് ഇതുമൂലം ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട വനിതാവത്കരണം ശനിയാഴ്ച പ്രാബല്യത്തില്‍ വരും.

ഹജ്ജ്, ഉംറ സീസണുകളിലെ മക്കയിലെ ടാക്‌സി മേഖലയില്‍ സമ്പൂര്‍ണ സൗദിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ലിമോസിന്‍ ഉള്‍പ്പെടെ എല്ലാ ടാക്‌സി സര്‍വീസുകളും നടത്തേണ്ടത് സ്വദേശികള്‍ മാത്രമായിരിക്കണം. സ്വദേശിവത്കരണം ശക്തമാക്കുക, സ്വദേശികള്‍ക്ക് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അവസരം നല്‍കുക തുടങ്ങിയവയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മക്ക ആക്ടിംഗ് ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുള്ള ബിന്‍ ബന്തര്‍ പറഞ്ഞു. 150 ടാക്‌സി കമ്പനികള്‍ക്ക് കീഴിലായി 7000ത്തിലധികം ടാക്‌സികള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ഭാഗവും മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ആണ്. പുതിയ തീരുമാനപ്രകാരം ഇവര്‍ക്ക് ജോലി നഷ്‌ടപ്പെടുകയും ആയിരക്കണക്കിന് സൗദികള്‍ക്ക് പുതുതായി ജോലി ലഭിക്കുകയും ചെയ്യും. 

അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍ നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയവരും, മറ്റുള്ളവര്‍ക്ക് യാത്രാ സഹായം ചെയ്തവരും പോലീസിന്റെ പിടിയിലായിരുന്നു. അതേസമയം രാജ്യത്ത് മൂന്നാം ഘട്ട വനിതാവത്കരണം ശനിയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്‌ത്രീകളുടെ സുഗന്ധ ദ്രവ്യങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, റെഡിമെയ്ഡ് വസ്‌ത്രങ്ങള്‍, മാതൃ-പരിചരണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ നൂറു ശതമാനവും സ്വദേശി വനിതകള്‍ ആയിരിക്കണം.  മാളുകളിലെ സൗന്ദര്യ വാര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന ഫാര്‍മസികളിലും വനിതാവല്‍ക്കരണം നടപ്പിലാക്കണം. മൂന്നാം ഘട്ട വനിതാവല്‍ക്കരണത്തിലൂടെ 80,000 സൗദി വനിതകള്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios