Asianet News MalayalamAsianet News Malayalam

നൂറിലധികം എടിഎം കാര്‍ഡുകള്‍ കൈവശം മലയാളി തെലങ്കാനയില്‍ പിടിയില്‍

Malayali held by Telangana police for holding more than 100 atm cards
Author
First Published Feb 20, 2017, 6:39 PM IST

പാലക്കാട്: വിവധ പേരുകളിലുള്ള നൂറിലധികം എടിഎം കാര്‍ഡുകളും പാസ് ബുക്കുകളും കൈവശം വച്ച ചെര്‍പ്പുളശ്ശേരി സ്വദേശി തെലങ്കാന പൊലീസിന്റെ പിടിയില്‍. ഇയാള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നും സംശയം. കസ്റ്റഡിയിലെടുത്ത ഇയാളെ തെലങ്കാനയിലേക്ക് കൊണ്ടുപോയി. ചെര്‍പ്പുളശ്ശേരി കരുമാനംകുറിശ്ശി മഞ്ഞളങ്ങാടന്‍ സുലൈമാന്‍ എന്നയാളാണ് പിടിയിലായത്. ചെര്‍പ്പുളശ്ശേരിയില്‍ ഒരു വാടക ക്വാര്‍ട്ടേഴസിലാണ് ഇയാള്‍ താമസിച്ചു വന്നത്. ഇന്നലെ രാത്രിയോടെയാണ്  തെലങ്കാന പൊലീസിന്റെ പ്രത്യേക സംഘം ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.

പിടിയിലാകുമ്പോള്‍ പല പേരുകളില്‍ പല ബാങ്കുകളില്‍ നിന്നായുള്ള നൂറിലേറെ എടിഎം കാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ആളുകള്‍ക്ക്  5000 രൂപ വീതം നല്‍കി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ എടുപ്പിച്ച് ഇതിന്റെ പാസ് ബുക്കും എടിഎം കാര്‍ഡും സ്വന്തമാക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഈ അക്കൗണ്ടുകളില്‍ നിന്ന് പാകിസ്ഥാന്‍ യെമന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പണം എത്തിയിരുന്നതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

പ്രതിദിനം ആറ് ലക്ഷം രൂപ വരെ ഈ അക്കൗണ്ടുകളില്‍ നിന്ന് ഇയള്‍ പിന്‍വലിച്ചിരുന്നു. മലപ്പുറം മഞ്ചേരി എന്നിവിടങ്ങളിലുള്ള ചിലര്‍ക്കാണ് ഈ പണം കൈമാറിയതെന്നും പൊലീസ് പറയുന്നു. ഒരു ലക്ഷം രൂപയ്‌ക്ക് രണ്ടായിരം രൂപ എന്ന കണക്കില്‍ ഇയാള്‍ക്ക് കമ്മീഷന്‍ ലഭിച്ചിരുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിച്ചിരുന്നു എന്നും സംശയിക്കുന്നു. പൊലീസ് ഇയാളെ  നിരീക്ഷിച്ച് വരവെയാണ് തെലങ്കാന പൊലീസിന്റെ പ്രത്യേക സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ഹൈദരാബാദിലും കേസുകള്‍ ഉണ്ടെന്നാണ് വിവരം.

 

Follow Us:
Download App:
  • android
  • ios