Asianet News MalayalamAsianet News Malayalam

അവസരം മുതലാക്കാന്‍ മമത: ബിജെപിക്കെതിരെ ഒന്നിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത നഗരത്തിലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മമതയുടെ സമരവേദിയിലേക്ക് രാത്രി വൈകിയും മാര്‍ച്ച് ചെയ്ത് എത്തുന്നുണ്ട്. വിപുലമായ സൗകര്യങ്ങളോട് കൂടിയ സമരപ്പന്തല്‍  എത്രയും പെട്ടെന്ന് നിര്‍മ്മിക്കാന്‍ മമത നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും ടിഎംസി പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

mamata to lead the fight against bjp
Author
Kolkata, First Published Feb 3, 2019, 11:40 PM IST

കൊല്‍ക്കത്ത:സിറ്റി പൊലീസ് കമ്മീഷണറുടെ വീട്ടിലെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളില്‍ പങ്കുചേര്‍ന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. സിബിഐയെ ഉപയോഗിച്ച് ബംഗാള്‍ സര്‍ക്കാരിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും അക്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നാരോപിച്ച് മമതാ ബാനര്‍ജി തുടങ്ങിയ സമരത്തിന് പിന്തുണയുമായി രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തി. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, എസ് പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്.പി നേതാവ് മായാവതി, എന്‍സിപി ശരത് പവാര്‍ തുടങ്ങിയവര്‍ മമതയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് ചേര്‍ത്ത് ബംഗാളില്‍ താന്‍ നടത്തിയ പ്രതിപക്ഷറാലിയ്ക്ക് പ്രതികാരമെന്നോണമാണ് തനിക്കെതിരെ സിബിഐയെ വച്ച് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മമതയുടെ ആരോപണം. 

നിലവില്‍ യുപിഎയിലും എന്‍ഡിഎയിലും ചേരാതെ മാറി നില്‍ക്കുന്ന വലിയൊരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ക്ക് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും കടന്നാക്രമിക്കാനുള്ള അവസരമായി ഈ വിഷയം മാറിയേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് സത്യാഗ്രഹസമരം പ്രഖ്യാപിച്ച മമതാ കിട്ടിയ അവസരം ശരിക്കും മുതലാക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധിയെ കടത്തി വെട്ടി കയറാനുള്ള അവസരം കൂടിയാണ് പുതിയ വിവാദങ്ങളിലൂടെ അവര്‍ക്ക് ലഭിക്കുന്നത്.  

മൂന്നാം മുന്നണിയുടെ സാധ്യതകള്‍ തേടുന്ന ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു കൊല്‍ക്കത്തയിലെ സംഭവങ്ങള്‍ക്ക് പിറകേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ട്. ചില പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നാളെ മമതയുടെ സമരപ്പന്തലില്‍ എത്തി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും എന്നും സൂചനയുണ്ട്. 

കൊല്‍ക്കത്ത നഗരത്തിലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മമതയുടെ സമരവേദിയിലേക്ക് രാത്രി വൈകിയും മാര്‍ച്ച് ചെയ്ത് എത്തുന്നുണ്ട്. വിപുലമായ സൗകര്യങ്ങളോട് കൂടിയ സമരപ്പന്തല്‍  എത്രയും പെട്ടെന്ന് നിര്‍മ്മിക്കാന്‍ മമത നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും ടിഎംസി പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

Follow Us:
Download App:
  • android
  • ios