Asianet News MalayalamAsianet News Malayalam

ബുലന്ദ്ഷഹര്‍ കൊലപാതകം: പൊലീസുകാരനെ കോടാലി കൊണ്ട് വെട്ടിയ പ്രതി പിടിയില്‍

കാലുവ എന്നയാളാണ് പിടിയിലായത്. നേരത്തെ പിടിയിലായ ദില്ലിയിലെ ഒല ടാക്‌സി ഡ്രൈവറായ പ്രശാന്ത് നട്ട് എന്നയാളാണ് കാലുവയെ കുറിച്ചുളള വിവരം പൊലീസിന് നല്‍കിയത്. സംഭവത്തിൽ കാലുവ കുറ്റം സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ പറഞ്ഞു. 

Man arrested Of Attacking Bulandshahr Cop With Axe
Author
Uttar Pradesh, First Published Jan 1, 2019, 4:33 PM IST

ലക്‌നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍   മരിക്കുന്നതിനുമുമ്പ് കോടാലി കൊണ്ട് ആക്രമിച്ച പ്രതിയെ പൊലീസ് പിടിയില്‍. കാലുവ എന്നയാളാണ് പിടിയിലായത്. നേരത്തെ പിടിയിലായ ദില്ലിയിലെ ഒല ടാക്‌സി ഡ്രൈവറായ പ്രശാന്ത് നട്ട് എന്നയാളാണ് കാലുവയെ കുറിച്ചുളള വിവരം പൊലീസിന് നല്‍കിയത്. സംഭവത്തിൽ കാലുവ കുറ്റം സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ പറഞ്ഞു. 
  
സൈന സ്റ്റേഷന്‍ പൊലീസ് ഓഫീസറായ സുബോധ് കുമാര്‍ സിങ്ങാണ് മരിക്കുന്നതിനു മുമ്പ് ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായത്. കോടാലികൊണ്ട് സുബോധിന്റെ രണ്ട് വിരലുകൾ അറുത്തെടുക്കുകയും തലയ്ക്ക് മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുബോധ് കുമാര്‍ സിങ്ങിനുനേരെ വെടിയുതിർക്കുന്നത്. അറസ്റ്റിലായ പ്രശാന്ത് നട്ടാണ് സുബോധിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാളെ ഡിസംബർ‌ 28ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുലന്ദ്ഷഹർ-നോയിഡ അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കോടാലി ഉപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ നിര്‍ത്തിയായിരുന്നു സുബോധിനുനേരെ വെടിയുതിർത്തത്. വനത്തിന് സമീപം 20ഒാളം പശുക്കളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷാവസ്ഥ നേരിടാനായിരുന്നു സുബോധ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ സ്ഥലത്തെത്തിയതിനുശേഷം നാനൂറോളം പേര്‍ അടങ്ങിയ സംഘം പൊലീസിന് നേരെ കല്ലേറിയാനും വടി ഉപയോഗിച്ച് പൊലീസുക്കാരെ അടിക്കാനും തുടങ്ങി. തുടർന്ന് ആള്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിങ്ങിനെ പ്രതികൾ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ചതെന്ന് പൊലീസ് വിശദമാക്കി. 

വയലിനു സമീപം വാഹനത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സുബോധ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവരെ കൂടാതെ സുബോധ് കുമാറിന്റെ കൈയിൽനിന്ന് തോക്ക് തട്ടിപ്പറിച്ച കേസിലെ പ്രതി ജോണിക്കായുള്ള തിരച്ചൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പരിഷേധിച്ചതിനുശേഷമാണ് ജോണിയെ പൊലീസ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.  കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബജ്‌റംഗ്‌ദള്‍ നേതാവ് യോഗേഷ് രാജിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios