Asianet News MalayalamAsianet News Malayalam

മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ നൽകാനാകില്ല എന്ന് പൊലീസ്

ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ മഞ്ജുവിന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്. ഏറെ നേരം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്. പ്രതികൂല കാലാവസ്ഥയാണ് പൊലീസ് കാരണമായി പറഞ്ഞത്. ശക്തമായ മഴയും വഴിയിൽ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോൾ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനൽകി. 

manju cant go to sabarimala
Author
Pamba, First Published Oct 20, 2018, 5:19 PM IST

 

പമ്പ: ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ മഞ്ജുവിന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്. ഏറെ നേരം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്. പ്രതികൂല കാലാവസ്ഥയാണ് പൊലീസ് കാരണമായി പറഞ്ഞത്. ശക്തമായ മഴയും വഴിയിൽ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോൾ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനൽകി. അതോടൊപ്പം മഞ്ജുവിന്‍റെ പൊതുജീവിതത്തിന്‍റെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും ഐജി അറിയിച്ചു.

ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. വലിയ ഭക്തജനത്തിരക്കുള്ള സാഹചര്യത്തിൽ സുരക്ഷാകാര്യങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും മഞ്ജു പിൻമാറാൻ തയ്യാറായില്ല. തുടർന്ന് മ‌ഞ്ജു നൽകിയ വിവരങ്ങൾ പരിശോധിച്ച പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റ സഹായത്തോടെ അവരുടെ പൊതുപ്രവർത്തന പശ്ചാത്തലം പരിശോധിച്ചു. ദീർഘകാലമായി ദളിത് സംഘടനാ പ്രവർത്തനത്തിൽ സജീവമായ മഞ്ജുവിന്‍റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് മനസിലാക്കിയിരുന്നു. തൽക്കാലം പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്താൻ ഇതും കാരണമായി. സമരങ്ങളിൽ പങ്കെടുത്തതിന്‍റെ ഭാഗമായി വന്നവയാണ് ഈ കേസുകൾ. കേസുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് അറിഞ്ഞതിന് ശേഷമേ മ‌ഞ്ജുവിന് സുരക്ഷ നൽകുന്ന കാര്യത്തിൽ പൊലീസ് തീരുമാനം എടുക്കൂ. തീവ്ര സ്വഭാവമുള്ള ഏതെങ്കിലും ദളിത് സംഘടനകളുമായി മഞ്ജുവിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കും.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണം ഇന്ന് പതിൻമടങ്ങായി ഉയർന്നിട്ടുണ്ട്. ദർശനത്തിനായി സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കുമുണ്ട്. കാനനപാതയിലും സന്നിധാനത്തും പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തീർത്ഥാടകർക്കൊപ്പം പ്രതിഷേധക്കാരും ഇന്നലെ രാത്രി തന്നെ മലകയറിയിട്ടുണ്ട്. തീർത്ഥാടകരുടെ വേഷത്തിൽ കാനനപാതയുടെ പലഭാഗത്തും ഇന്നലെ രാത്രി മലകയറിയ പ്രതിഷേധക്കാർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് ഇന്‍റലിജൻസ് വിവരം. പമ്പയിലും സന്നിധാനത്തും ശക്തമായ മഴയും പെയ്യുന്നുണ്ട്.

അതോടൊപ്പം വലിയ നടപ്പന്തലിന് സമീപം യുവതിയെ തടയാൻ പ്രതിഷേധക്കാർ സംഘടിച്ച് നിലയുറപ്പിച്ചിട്ടുണ്ട്. നാല് കിലോമീറ്റർ ദൈർഘ്യമുള്ള കാനനപാത തുടങ്ങുന്ന ഭാഗത്തുതന്നെ പ്രതിഷേധക്കാർ സംഘടിച്ചുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിന് സുരക്ഷയൊരുക്കിയുള്ള മലകയറ്റം സാധ്യമല്ല എന്ന നിലപാടാണ് പൊലീസ് എടുത്തത്. പ്രതിഷേധിക്കാൻ എത്തുന്ന ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. മഴയും തിരക്കും പ്രതിഷേധവും കാരണമായി പറയുന്നുണ്ടെങ്കിലും മഞ്ജുവിന്‍റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട് എന്നതുതന്നെയാണ് ഇന്ന് പ്രത്യേക സുരക്ഷ നിഷേധിക്കാനുള്ള പ്രധാന കാരണം. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്.

Follow Us:
Download App:
  • android
  • ios