Asianet News MalayalamAsianet News Malayalam

ഹര്‍ത്താലനുകൂലികള്‍ പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് എംഎല്‍എ തുറന്നു; കമിതാക്കള്‍ക്ക് പ്രണയസാഫല്യം

ഹര്‍ത്താലനുകൂലികള്‍ പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് എംഎല്‍എ തുറന്നു. എം എല്‍ എയുടെ സമവായത്തില്‍ താനൂരില്‍ സബിലാഷും മെറിനും വിവാഹിതരായി. എല്ലാവരും സഹകരിച്ചതില്‍ നന്ദിപറഞ്ഞ് നവദമ്പതികള്‍.

Marriage in the day of youth congress Harthal in Malappuram
Author
Malappuram, First Published Feb 18, 2019, 4:46 PM IST

മലപ്പുറം: ഹര്‍ത്താലനുകൂലികള്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പൂട്ടിയതോടെ വിവാഹം മുടങ്ങിയ കമിതാക്കള്‍ക്ക് വി അബ്ദുറഹിമാൻ എം എല്‍ എയുടെ സഹായം. പ്രതിഷേധക്കാരുമായുള്ള എംഎല്‍എയുടെ സമവായത്തില്‍ മലപ്പുറം താനൂരില്‍ സബിലാഷും മെറിനും വിവാഹിതരായി.

മലപ്പുറം താനൂര്‍ സ്വദേശി സബിലാഷും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മെറിനും ആറുവര്‍ങ്ങളായി പ്രണയത്തിലാണ്. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് മെറിൻ. സബിലാഷ് നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്നു.

വിവാഹിതരാവാൻ തീരുമാനിച്ച ഇരുവരും വിവാഹം റജിസ്റ്റർ ചെയ്യാൻ കഴിഞ്ഞമാസം പതിനെട്ടാം തിയ്യതി താനൂര്‍ സബ് റജിസ്ട്രാർ ഓഫീസില്‍ അപേക്ഷ നല്‍കി. ഇന്ന് വിവാഹദിവസം ഒരുക്കങ്ങളൊക്കെയായി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴാണ് ഹര്‍ത്താലനുകൂലികള്‍ ഓഫീസ് അടപ്പിച്ചതറിയുന്നത്. ഹര്‍ത്താലനുകൂലികളെ ഭയന്ന് ഉദ്യോഗസ്ഥരും നിസ്സഹായരായി കൈമലര്‍ത്തി. ഇതോടെയാണ് സബിലാഷ് സ്ഥലം എംഎല്‍എ വി അബ്ദുറഹിമാന്‍റെ സഹായം തേടിയത്.

അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താല്‍ ആദ്യം ആശങ്കപ്പെടുത്തിയെങ്കിലും വര്‍ഷങ്ങളുടെ പ്രണയം വിവാഹത്തിലെത്തിയതിന്‍റെ സന്തോഷത്തിലാണ് സബിലാഷും ഭാര്യ മെറിനും. രജിസ്റ്റര്‍ ചെയ്ത് നിയമപരമായി വിവാഹിതരായെങ്കിലും വീട്ടുകാരെയും സുഹൃത്തുക്കളേയുമൊക്കെ കൂട്ടി വിവാഹം ആഘോഷമായി തന്നെ പിന്നീട് നടത്തണമെന്നാണ് നവദമ്പതികളുടെ ആഗ്രഹം.

Follow Us:
Download App:
  • android
  • ios