Asianet News MalayalamAsianet News Malayalam

നിയമസഭാ ഗാലറിയില്‍ നിന്നും മാധ്യമങ്ങളെ പുറത്താക്കി

medias instructed to leave media gallery
Author
First Published Feb 26, 2018, 9:12 AM IST

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ അടിയന്തരചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളെ നിയമസഭയില്‍ നിന്നും പുറത്താക്കി. 

ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കര്‍ ഡയസ് വിട്ടതിന് പിന്നാലെയാണ് മീഡിയാ ഗാലറിയില്‍ നിന്നും പുറത്തിറങ്ങാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചത്. നേരത്തെ നിയമസഭ ആരംഭിച്ചപ്പോള്‍ തന്നെ ഷുഹൈബ് വധം ചര്‍ച്ചയണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ അടിയന്തരപ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് ചര്‍ച്ച ചെയ്യാം എന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇത് അംഗീകരിക്കാതെ പ്രതിപക്ഷ അംഗങ്ങള്‍ ഷുഹൈബിന്റെ ചിത്രമേന്തിയ പ്ലാക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസ് വളയുകയായിരുന്നു. 

ഷുഹൈബ് വധത്തില്‍ പിടികൂടിയത് ഡമ്മി പ്രതികളെയാണെന്നും കേസില്‍ ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം അടക്കമുള്ള നടപടികള്‍ വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും, സിആര്‍ മഹേഷും സെക്രട്ടേറിയറ്റിന് മുന്നിലും നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
 

Follow Us:
Download App:
  • android
  • ios