Asianet News MalayalamAsianet News Malayalam

നവകേരള നിര്‍മാണത്തിന് ധനസമാഹരണം; 17 മന്ത്രിമാരുടെ വിദേശപര്യടനം റദ്ദാക്കി

വിദേശ യാത്രയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാര്‍  എടുത്തത്

ministers-foriegn-vist-for-fund-raise cancelled
Author
Thiruvananthapuram, First Published Oct 16, 2018, 9:31 PM IST

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാര്‍ നടത്താനിരുന്ന വിദേശപര്യടനം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. വിദേശ യാത്രയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാര്‍  എടുത്തത്.

ഇനി അനുമതി ലഭിച്ചാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതോടെ വിദേശ പര്യടനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നവകേരള നിര്‍മാണത്തിനായുളള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായപ്പോള്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ മറ്റ് മന്ത്രിമാര്‍ക്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കത്തയച്ചത്. എന്നാല്‍, ഇതുവരെ അനുകൂലമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടില്ല. പ്രളയക്കെടുതി മറികടക്കാനുളള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് അനുമതി തേടി ഈ മാസം ആദ്യമാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്.

എന്നാല്‍ കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കരുത്, ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്കുളള അനുമതി നല്‍കിയത്.

ഈ മാസം 17 മുതൽ 21 വരെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. 18 മുതല്‍ ഒരാഴ്ചത്തെ അമേരിക്ക സന്ദര്‍ശനം നിശ്ചയിച്ച ധനമന്ത്രി തോമസ് ഐസക്കിനും 21 മുതല്‍ കുവൈറ്റ് സന്ദര്‍ശനം നിശ്ചയിച്ച വ്യവസായമന്ത്രി ഇ.പി ജയരാജനും അടക്കം 17 മന്ത്രിമാര്‍ക്കാണ് അനുമതി ലഭിക്കാതിരുന്നത്. 

Follow Us:
Download App:
  • android
  • ios