Asianet News MalayalamAsianet News Malayalam

'രേണു രാജിനെ എംഎൽഎ ശകാരിച്ചു'; സബ് കളക്ടറെ പിന്തുണച്ച് ജില്ലാ കളക്ടറുടെ റിപ്പോർട്ട്‌

സര്‍ക്കാര്‍ പാട്ടത്തിന് നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുതിരപ്പുഴയാറിൽ നിന്നും 50 മീറ്റർ മാറി വേണം നിർമ്മാണങ്ങൾ എന്ന നിയമം പാലിച്ചിട്ടില്ലെന്നും  6 മീറ്റർ പോലും ദൂരത്തല്ല കെട്ടിടമെന്നും കളക്ടര്‍

mla scolded sub collector collectors report in support of renuraj
Author
Idukki, First Published Feb 12, 2019, 4:56 PM IST

ഇടുക്കി: മൂന്നാർ പഞ്ചായത്തിന്‍റെ അനധികൃത നിർമാണത്തിനെതിരെ നിലപാടെടുത്ത സബ് കലക്ടർ രേണുരാജിനെ പിന്തുണച്ച് ഇടുക്കി ജില്ലാ കലക്ടറുടെ റിപ്പോർട്. മുതിരപ്പുഴയാറിനോട് ചേർന്നുളള പഞ്ചായത്തിന്‍റെ നിർമാണം നിയമങ്ങൾ അട്ടിമറിച്ചാണെന്നും ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും റവന്യൂമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എംഎൽഎ അടക്കമുളളവരെ എതിർകക്ഷിയാക്കിയുളള ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി.

സബ് കലക്ടറുടെ നിലപാടുകളെയും നടപടികളെയും പിന്തുണച്ച് ഇടുക്കി ജില്ലാ കലക്ടർ സമർപ്പിച്ച റിപ്പോ‍ർട്ട് ഇങ്ങനെയാണ്. സ‍ർക്കാർ പാട്ടത്തിന് നൽകിയഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കരുതെന്ന നി‍ർദേശം ലംഘിക്കപ്പെട്ടു. പത്തുമുറികളുളള കെട്ടിടം നിർമാണം തുടരാൻ അനുവദിച്ചാൽ മൂന്നാർ സംബന്ധിച്ച് വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകളെ അത് ബാധിക്കും. അതുകൂടി തിരിച്ചറിഞ്ഞാണ് സബ് കലക്ടർ നടപടികൾ സ്വീകരിച്ചത്. നിർമാണം നിർ‍ത്തിവയ്ക്കാൻ സബ് കലക്ടർ ഉത്തരവിട്ടിട്ടും എം എൽ എ ഇടപെട്ട് അത് പുനരാരംഭിച്ചു. ഉദ്യോഗസ്ഥരെ ശകാരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് സബ് കലക്ടറെ ഫോണിൽ വിളിച്ച് കെട്ടിടം പണി നിർത്തിവയ്ക്കുന്നതിന് ആരാണ് അധികാരം തന്നതെന്ന് എം എൽ എ ചോദിച്ചെന്നും റിപ്പോർട്ടിലുണ്ട്. ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പൊതുജനമധ്യത്തിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ചത് സ്ത്രീ എന്ന നിലയിലും ഉദ്യോഗസ്ഥ എന്ന നിലയിലും തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതെന്ന് സബ് കലക്ടർ രേണുരാജ് അറിയിച്ചകാര്യവും റിപ്പോർട്ടിന്‍റെ ഭാഗമാണ്. ഇതിനിടെ ദേവികുളം സബ് കല്കടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എം എൽ എയുടെ നടപടി ശരിയായില്ലെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു

ഹൈക്കോടതി ഉത്തരവുകളുടെ ലംഘനം ചൂണ്ടിക്കാട്ടി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ,മൂന്നാർ പഞ്ചായത്ത് പ്രസി‍ഡന്‍റ്, സെക്രട്ടറി , ജില്ലാ പഞ്ചായത്തംഗം , കരാറുകാരൻ എന്നിവരെ എതിർകക്ഷികളാക്കി ഹർ‍ജി സമർപ്പിക്കുന്നതാണ് അടുത്തദിവസത്തേക്ക് മാറ്റിയത്. സബ് കലക്ടറുടെ സത്യവാങ്മൂലമടക്കമുളള നടപടികൾ പൂർത്തിയാകാത്തതാണ് കാരണം. ഇതിനിടെ എസ് രാജേന്ദ്രനെ പിന്തുണച്ചുളള മന്ത്രി തോമസ് ഐസക്കിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫേസ് ബുക് പോസ്റ്റ് വിവാദമായി. മലയോരത്തെ ഉദ്യോഗസ്ഥ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് ശ്രമമെന്നും ഒന്നിനോടും പ്രതിബദ്ധതയില്ലെന്ന് ദിവസവും തെളിയുക്കുന്ന ബ്യൂറോക്രാറ്റുകളുടെ കൊച്ചുമകളാണ് രേണുരാജെന്നുമാണ് കുറിപ്പ്. എന്നാൽ നിയമപരമായ നടപടിയാണ് സബ് കല്കടർ സ്വീകരിച്ചതെന്നും എല്ലാം ചട്ടപ്രകാരാമായിരുന്നെന്നും റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios