Asianet News MalayalamAsianet News Malayalam

എസ്.എ.ടി. ആശുപത്രിയിൽ അത്യാധുനിക രക്തപരിശോധന സംവിധാനം

modern blood testing system installs in sat hospital
Author
First Published Nov 21, 2017, 10:46 PM IST

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ അത്യാധുനിക രക്തപരിശോധന ഉപകരണമായ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്‌ട്രി അനലൈസര്‍ ഉപയോഗിച്ചു തുടങ്ങി. ഇതോടെ രക്തപരിശോധനാഫലം വളരെ വേഗത്തിലും കൃത്യതയോടെയും ലഭ്യമായി തുടങ്ങി. മണിക്കൂറില്‍ 1000ലേറെ പരിശോധനകള്‍ നടത്താനാകും. 70ലേറെ വിവിധയിനം രക്ത പരിശോധന ഘടകങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടത്താനും സാധിക്കുന്നു. സുരേഷ് ഗോപി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് രക്തപരിശോധന ഉപകരണമായ ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസർ (Fully Automatic biochemistry analyser) സ്ഥാപിച്ചത്. ഇതിന്റെ സമര്‍പ്പണവും ഉദ്ഘാടനവും സുരേഷ് ഗോപി നിര്‍വഹിച്ചു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡോ. വി.ആര്‍. നന്ദിനി എന്നിവര്‍ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios