Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസംഗിക്കും

Modi
Author
New Delhi, First Published Feb 7, 2017, 1:52 AM IST

നോട്ട് അസാധുവാക്കലിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ പാർലമെന്റിലെ ആദ്യ പ്രസംഗത്തിന് ഇന്ന് ലോക്സഭയും രാജ്യസഭയും സാക്ഷ്യം വഹിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും. നോട്ട് അസാധുവാക്കലിന് നിയമസാധുത നല്കാനുള്ള ബില്ലും ഇന്ന് ലോക്സഭയുടെ അജണ്ടയിലുണ്ട്.

നോട്ട് അസാധുവാക്കലിനെതിരെയുള്ള പ്രതിഷേധം കാരണം പാർലമെന്റ് ശീതകാല സമ്മേളനം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. പിന്നീട് പ്രധാനമന്ത്രി കൈക്കൂലി വാങ്ങിയതായി രാഹുൽ ഗാന്ധിയുടെ ആരോപണവും വന്നു. എന്നാൽ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്പതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണം കോൺഗ്രസ് ഉന്നയിച്ചിട്ടില്ല. അതേസമയം , നോട്ട് അസാധുവാക്കലിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. മൂന്നു മണിക്കൂറോളം കഴിഞ്ഞ ദിവസം ചർച്ച കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്നു. എന്തായാലും തന്റെ തീരുമാനത്തെ ശക്തമായി ന്യായീകരിച്ചു കൊണ്ട് നരേന്ദ്ര മോദി സംസാരിക്കാനാണ് സാധ്യത. നോട്ട് അസാധുവാക്കൽ എന്തു നേട്ടമുണ്ടാക്കി എന്ന് പ്രധാനമന്ത്രിക്ക് വിശദീകരിക്കേണ്ടി വരും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കൂടി മനസ്സിൽ വച്ചായിരിക്കും മോദിയുടെ പ്രസംഗം. രാജ്യസഭയിൽ ഗുലാംനബി ആസാദിനൊപ്പം അഹമ്മദ് പട്ടേലിനേയും കോൺഗ്രസ് രംഗത്തിറക്കി. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെയുടെ പ്രസംഗം കഴിഞ്ഞ ദിവസം ലോക്സഭയിൽ വലിയ ബഹളത്തിനിടയാക്കിയിരുന്നു.

നോട്ട് അസാധുവാക്കലിന് നിയമസാധുത നല്‍കാൻ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി അവതരിപ്പിച്ച ബില്ല് ലോക്സഭ ഇന്ന് പരിഗണിക്കും. രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ലാത്ത പണബില്ലായാണ് ഇത് കൊണ്ടു വന്നിരിക്കുന്നത്.

 

 

Follow Us:
Download App:
  • android
  • ios