Asianet News MalayalamAsianet News Malayalam

'ശബരിമല'യിൽ നരേന്ദ്രമോദി എന്തു പറയും? നിലപാട് കാത്ത് രാഷ്ട്രീയകേരളം

ശബരിമല സ്ത്രീപ്രവേശനം കേരളത്തിൽ കത്തിപ്പടർന്ന ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.

modi may make the air clear about sabarimala issue
Author
Kollam, First Published Jan 15, 2019, 2:32 PM IST

കൊല്ലം: ശബരിമല സ്ത്രീപ്രവേശനം കേരളത്തിൽ കത്തിപ്പടർന്ന ശേഷം ആദ്യമായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വിഷയത്തിൽ നിലപാട് വ്യക്തമാക്കുമോ? വൈകിട്ട് കൊല്ലം കന്‍റോൺമെന്‍റ് ഗ്രൗണ്ടിൽ നടക്കുന്ന എൻഡിഎ മഹാസമ്മേളനത്തിൽ മോദി സംസാരിക്കുമ്പോൾ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് അതാണ്. 

ലോക്സഭാ തെരഞ്ഞെ‍ടുപ്പിന്‍റെ പ്രചാരണപ്രവർത്തനങ്ങൾക്കും തുടക്കമിടുകയാണ് എൻഡിഎ മഹാസമ്മേളനത്തിലൂടെ ബിജെപി. 2019-ലെ നിർണായക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുറുപ്പുചീട്ട് 'ശബരിമല' തന്നെ. ശബരിമല സ്ത്രീപ്രവേശനത്തെച്ചൊല്ലി ബിജെപി ഉയർത്തിയ സമരങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാടുകളാണ് നരേന്ദ്രമോദി ഇതുവരെ പറഞ്ഞിട്ടുള്ളതും. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവേശനം വേണമോ വേണ്ടയോ എന്ന കാര്യത്തിൽ കൃത്യമായ ഒരു നിലപാടോ പരാമർശമോ പ്രധാനമന്ത്രിയിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടുമില്ല.

ഇക്കാര്യത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൃത്യമായ ഒരു നിലപാട് ബിജെപി സംസ്ഥാനനേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല സമരങ്ങളിൽ ബിജെപിയുടെ നിലപാടുകൾക്കും, പിന്നിൽ അണിനിരന്ന പ്രവർത്തകർക്കും ഊർജം നൽകാൻ ഇത് അത്യാവശ്യമാണെന്ന് സംസ്ഥാനബിജെപി നേതൃത്വം കരുതുന്നു. 

ഇന്ന് സംസ്ഥാനബിജെപി നേതാക്കളുമായി ഒരു കൂടിക്കാഴ്ചയുണ്ടാകില്ലെങ്കിലും വേദിയിൽ വച്ച് മോദി കാര്യങ്ങൾ ചോദിച്ചറിയുമെന്ന് ഉറപ്പാണ്. ഈ മാസം 27-ന് മോദി വീണ്ടും യുവമോർച്ചയുടെ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് തെരഞ്ഞെടുപ്പ് റാലികളിൽ മോദി പങ്കെടുക്കുമെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. 

എൻഡിഎയുടെ മഹാസമ്മേളനമാണ് ഇന്ന് നടക്കുന്നത്. ബിഡിജെഎസ് സംസ്ഥാനപ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയടക്കം എൻഡിഎ സഖ്യകക്ഷികളെല്ലാം സമ്മേളനത്തിലുണ്ടാകും. എല്ലാവരും അണിനിരത്തി ഒരു വേദിയിൽ നിലപാടുകൾ പ്രഖ്യാപിച്ച് ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് മികച്ച തുടക്കമിടാൻ മോദിയ്ക്ക് കഴിയുമെന്ന് കണക്കുകൂട്ടുന്നു ബിജെപി കേരളഘടകം.

ഇന്ന് ശബരിമലയെക്കുറിച്ച് മോദി പരാമർശം നടത്താതിരുന്നാലും അത് മറ്റൊരു വിവാദമാകും. പക്ഷേ, കേന്ദ്രസർക്കാർ ശബരിമല വിഷയത്തിലൊരു ഓർഡിനൻസ് ഇറക്കുന്ന കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കാൻ സാധ്യതയില്ല. ജനുവരി 22-ന് സുപ്രീംകോടതി പുനഃപരിശോധനാഹർജികൾ പരിഗണിക്കുമെന്ന് ഉറപ്പില്ലാതിരിക്കെ അത്തരമൊരു നിർണായകപ്രഖ്യാപനമൊന്നും മോദി നടത്തില്ല. 

മാത്രമല്ല, യുവതീപ്രവേശനം സുപ്രീംകോടതി ശരിവച്ചാൽ എന്തുവേണമെന്ന കാര്യത്തിൽ ഒരു ആശയക്കുഴപ്പവും കേന്ദ്രസർക്കാരിനും ബിജെപി ദേശീയനേതൃത്വത്തിനുണ്ട്. നേരത്തേ യുവതീപ്രവേശനത്തെ അനുകൂലിച്ച ബിജെപി കേന്ദ്രനേതൃത്വവും ആർഎസ്എസ്സും ബിജെപി സംസ്ഥാനഘടകത്തിന്‍റെ നിർബന്ധത്തെത്തുടർന്നാണിപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.

ശബരിമല: മോദി ഇതുവരെ പറഞ്ഞത്

ANI ചീഫ് എഡിറ്റർ സ്മിത പ്രകാശിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശബരിമലയെക്കുറിച്ച് മോദി പറഞ്ഞതിങ്ങനെ:

''ഓരോ ക്ഷേത്രങ്ങൾക്കും അവയുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. ചില ക്ഷേത്രങ്ങളിൽ പുരുഷൻമാരെ പ്രവേശിപ്പിക്കാറില്ല. സുപ്രീംകോടതി ഭരണഘടനാബഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര എഴുതിയ ഭിന്നവിധി സൂക്ഷ്മമായി വായിക്കേണ്ടതാണ്.''

ശബരിമല വിഷയം ആചാരത്തെക്കുറിച്ചുള്ള തർക്കമാണെന്നും എന്നാൽ മുത്തലാഖ് എന്നത് ലിംഗനീതിയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും മോദി അന്ന് വ്യക്തമാക്കിയിരുന്നു. 

 

Follow Us:
Download App:
  • android
  • ios