Asianet News MalayalamAsianet News Malayalam

ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരേ ഓട്ടോ ഡ്രൈവര്‍മാരുടെ സദാചാര ഗുണ്ടായിസം

  • സംശയത്തിന്‍റെ മറവില്‍ ഒരു കൂട്ടം ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച്  അമ്പുകുത്തി പാറ സ്വന്ദേശി കല്‍പറ്റ പോലീസില്‍ പരാതി നല്‍കി.
Moral policing towards father and daughter at wayanad

വയനാട്: കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്‍മക്കളെയും രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.സംശയത്തിന്‍റെ മറവില്‍ ഒരു കൂട്ടം ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച്  അമ്പുകുത്തി പാറ സ്വന്ദേശി കല്‍പറ്റ പോലീസില്‍ പരാതി നല്‍കി.

ഫെബ്രുവരി 28ന് രാത്രിയായിരുന്നു സംഭവം. ബംഗളൂരുവിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത കുടുംബം അനന്തവീര തിയേറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുമ്പോഴാണ് റോഡിന്‍റെ എതിര്‍ ഭാഗത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരില്‍ ചിലര്‍ സമീപത്തെത്തി ചോദ്യം ചെയ്തതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ഡിഗ്രിക്കും ഏഴാം ക്‌ളാസിലും പഠിക്കുന്ന പെണ്‍മക്കളാണ് ഇദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്നത്. ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് പരാതിക്കാരന്‍ പറഞ്ഞു. ചെറുപ്പക്കാരികളായ പെണ്‍കുട്ടികളോടൊത്ത് ഇരുക്കുന്നതെന്തിനെന്നു ചോദിച്ചായിരുന്നു ഡ്രൈവര്‍മാര്‍ എത്തിയത്. 

മക്കളാണെന്ന് പറഞ്ഞപ്പോള്‍ അതിന് തെളിവ് നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടത്രേ. തുടര്‍ന്ന് ഇയാളെ തോളില്‍ പിടിച്ചു തള്ളിയതായും പരാതിയില്‍ പറയുന്നു. മക്കള്‍ നിലവിളിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍മാര്‍ പിന്മാറാന്‍ തയ്യാറായില്ലത്രെ. ഇയാളുടെ ബാഗ് പിടിച്ച് വെച്ചായിരുന്നു പിന്നീട് ചോദ്യം ചെയ്യല്‍. ഏതാടാ കുട്ടികള്‍, എങ്ങോട്ടാണ് ഇവരെ കൊണ്ടു പോകുന്നത് എന്ന് ആക്രോശിച്ചു. ഈ സമയത്ത് പോലീസിനെ വിളിക്കാന്‍ ഇയാള്‍  ശ്രമിച്ചെങ്കിലും സാധിച്ചില്ല. വനിതാ സെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് ബസ് വന്നശേഷം മൂവരും യാത്ര തുടരുകയായിരുന്നു.

ബെംഗളൂരുവില്‍നിന്നും തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് ഇയാള്‍  പോലീസില്‍ പരാതി നല്‍കിയത്. ഓട്ടോ ഡ്രൈവര്‍മാരുടെ പെരുമാറ്റം തനിക്കും മക്കള്‍ക്കും മാനഹാനിയുണ്ടാക്കിയതായും തന്നെയും മക്കളെയും ദേഹോപദ്രവം ഏല്‍പിച്ചവരെ ശിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലുള്ളത്.

കല്‍പറ്റ പഴയ സ്റ്റാന്‍ഡ് പരിസരത്ത് രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരേ മുമ്പും പരാതികളുയര്‍ന്നിരുന്നു. ഏറെ നേരം ബസ് കാത്തിരുന്ന ഒരാളെ ലോറിയില്‍ കയറ്റിയതിനെ ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍മാര്‍ കൈനാട്ടിയില്‍ വെച്ച് ലോറി ഡ്രൈവറുടെ തല അടിച്ചു പൊളിച്ചിരുന്നു. ദൂരെ ദിക്കുകകളില്‍ നിന്ന് പാതിരാത്രിക്കെത്തുന്നവരോട് അമിത ചാര്‍ജ് ഈടാക്കുന്നതും പരാതിപ്പെട്ടാല്‍ സംഘം ചേര്‍ന്ന് നേരിടുന്നതും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരങ്ങളില്‍ നിത്യസംഭവമാണ്. അതേ സമയം പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഭൂരിപക്ഷം ഡ്രൈവര്‍മാരും തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
 

Follow Us:
Download App:
  • android
  • ios