Asianet News MalayalamAsianet News Malayalam

'റഫാലി'ൽ സിഎജി റിപ്പോർട്ട് തയ്യാർ; രണ്ടു ദിവസത്തിനകം പാർലമെന്‍റിൽ വയ്ക്കും; ആശങ്കയോടെ കേന്ദ്രം

സിഎജി റിപ്പോർട്ടിന്‍റെ ഒരു കോപ്പി പ്രസിഡന്‍റ് രാംനാഥ് കോവിന്ദിനും കേന്ദ്രസർക്കാരിനും നൽകുമെന്നാണ് സൂചന. ഇന്ത്യ റഫാലുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ ഇടപാടുകളുടെയും വിവരങ്ങളുണ്ട് സിഎജി റിപ്പോർട്ടിൽ.

Much awaited CAG report on Rafale likely to be submitted to the President and parliament tomorrow
Author
New Delhi, First Published Feb 10, 2019, 4:04 PM IST

ദില്ലി: കഴിഞ്ഞ നാല് വർഷമായി ഇന്ത്യ നടത്തിയ പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുകളെക്കുറിച്ചുള്ള വിശദമായ ഓഡിറ്റ് റിപ്പോർട്ട് കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (സിഎജി) നാളെ കേന്ദ്രസർക്കാരിനും രാഷ്ട്രപതിക്കും സമർപ്പിക്കും. ഏറെ വിവാദമായ റഫാൽ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകും. 

പ്രസിഡന്‍റിന് സമർപ്പിക്കുന്ന റിപ്പോർട്ട് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും അധ്യക്ഷൻമാർക്ക് കൈമാറും. ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും കൈമാറുന്ന റിപ്പോർട്ട് നാളെത്തന്നെ പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വയ്ക്കാനാണ് സാധ്യത. ഇല്ലെങ്കിൽ റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കുന്നത് സഭാ സമ്മേളനം അവസാനിക്കുന്ന ബുധനാഴ്ചത്തേയ്ക്ക് മാറ്റാനും സാധ്യതയുണ്ട്.

റഫാൽ ഇടപാടിനെച്ചൊല്ലി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വൻ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ സമർപ്പിക്കപ്പെടുന്ന സിഎജി റിപ്പോർട്ട് ഏറെ നിർണായകമാണ്. 

റഫാൽ യുദ്ധവിമാനങ്ങളടക്കമുള്ള പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് പെർഫോമൻസ് ഓഡിറ്റാണ് സിഎജി നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓഡിറ്റിന് ശേഷം കണ്ടെത്തലുകൾ പ്രതിരോധമന്ത്രാലയത്തിന്‍റെ ഓഡിറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമാണ് സിഎജി നടത്തിയിരിക്കുന്നത്. ഭാവിയിൽ തങ്ങളുടെ വാദം കേട്ടില്ലെന്ന് പ്രതിരോധമന്ത്രാലയമോ ബന്ധപ്പെട്ടവരോ ആരോപണമുന്നയിക്കാതിരിക്കാനാണിത്.

ജൂൺ 2001-നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങൾ വാങ്ങാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സർക്കാർ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങൾ പൂർണമായി പ്രവർത്തനക്ഷമമായ തരത്തിൽ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിർമിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.

പിന്നീട് 2007 ആഗസ്റ്റിൽ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വർഷത്തിന് ശേഷം മാത്രമാണ് ഫ്രാൻസിലെ വിമാനനിർമാണക്കമ്പനിയായ ദസോ ഏവിയേഷന് കരാർ ഏൽപിക്കാൻ ധാരണയായത്. ദസോ വികസിപ്പിച്ച 'റഫാൽ' എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങൾക്കുതകുന്നതാണെന്ന് കണ്ടാണ് കരാർ ഏൽപിച്ചത്. ആദ്യം 18 ജെറ്റ് വിമാനങ്ങൾ നിർമിച്ച് നൽകാനും, ബാക്കി വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ നൽകി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാർ നൽകിയത്. ദസോയുമായി തുടങ്ങിയ ചർച്ച 2014 വരെ നീണ്ടെങ്കിലും ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ യുപിഎ പരാജയപ്പെട്ടതോടെ, ചർച്ചകൾ തൽക്കാലം അവസാനിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വന്ന എൻഡിഎ സർക്കാർ ഏപ്രിൽ 2015-ന് ഫ്രാൻസിൽ നിന്ന് സർക്കാരുകൾ തമ്മിൽ 8.7 ബില്യൺ ഡോളർ ചെലവിൽ 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങൾ നിർമിക്കാനുള്ള യുപിഎ സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. 

എന്നാൽ ഇതിനെ ശക്തമായി എതിർത്ത കോൺഗ്രസ്, അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയർത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോൾ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. പഴയ കരാർ പ്രകാരം വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറിൽ ഇതില്ലെന്നും കോൺഗ്രസ് ആരോപിച്ചു. 

എൻഡിഎ ഈ കരാറിൽ ഓരോ വിമാനത്തിനും നൽകുന്ന വിമാനങ്ങളുടെ വില ഇതുവരെ പൊതുജനമധ്യത്തിലോ പാർലമെന്‍റിലോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ യുപിഎ കാലത്തെ കരാർ സാധ്യമായ ഒന്നല്ലെന്നാണ് പ്രതിരോധമന്ത്രി മനോഹർ പരീക്കർ വ്യക്തമാക്കിയിരുന്നത്. യുപിഎയും ഫ്രാൻസുമായി കരാർ ഒപ്പിടുന്നത് വൈകാൻ കാരണം വിലയിലെ തർക്കമാണെന്നും മോദി സർക്കാർ അവകാശപ്പെട്ടു. 

എന്നാൽ റഫാലിന്‍റെ അനുബന്ധകരാർ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നൽകിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാർ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്തെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയൻസ് ഗ്രൂപ്പും ആരോപണങ്ങൾ നിരന്തരം നിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios