Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്നു ജയലളിത

mullapperiyar water level
Author
First Published Apr 19, 2016, 1:38 AM IST

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടയായി ഉയര്‍ത്തുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത. ഡിഎംകെയ്ക്ക് ഇക്കാര്യത്തില്‍ തമിഴ് ജനതയ്ക്ക് അനുകൂലമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ജയലളിത പറഞ്ഞു. കാഞ്ചീപുരത്തു നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജയലളിതയുടെ പ്രഖ്യാപനം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനായതു വലിയ നേട്ടമായി എഐഎഡിഎംകെ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതിനിടെയാണ് ജലനിരപ്പ് വീണ്ടും ഉയര്‍ത്തുമെന്ന് ജയലളിത പ്രഖ്യാപിച്ചത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡിഎംകെ ഒരു ഘട്ടത്തിലും തമിഴ് ജനതയ്ക്ക് അനുകൂലമായ നിലപാട് എടുത്തിട്ടില്ല. ഇപ്പോള്‍ പുറത്തിറക്കിയ ഡിഎംകെ പ്രകടന പത്രികയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതാണ്. പിന്നെ എന്ത് ചെയ്ത് കാണിക്കുമെന്നാണ് ഡിഎംകെ ഈ പറയുന്നതെന്നും ജയലളിത ചോദിച്ചു.

അര്‍ത്ഥമില്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശരിയായ തീരുമാനം എടുക്കുമെന്ന് എഐഎഡിഎംകെ നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം ജലനിരപ്പ് 136 അടിയില്‍നിന്ന്  142 അടിയാക്കി ഉയര്‍ത്തി. ഇനി അത് 152 അടിയായി ഉയര്‍ത്തുകയാണു ലക്ഷ്യം. ഇതു സുപ്രീം കോടതി തന്നെ അനുവദിച്ചിട്ടുള്ളതാണ്. അപ്പോള്‍ 152 അടിക്ക് പകരം 142 അടിയാക്കി നിലനിര്‍ത്തുമെന്ന് ഡിഎംകെ പറയുന്നത് തമിഴ് ജനതക്ക് എതിരായ തീരുമാനമാണെന്നും ജയലളിത പറയുന്നു.

 

Follow Us:
Download App:
  • android
  • ios