Asianet News MalayalamAsianet News Malayalam

ചൈനയെന്ന് കേൾക്കുമ്പോൾ ചിലർ ചോപ്പുകണ്ട കാളയെപ്പോലെ: എംവി ജയരാജന്‍

MV Jayarajan FB post over china
Author
First Published Jan 19, 2018, 3:48 PM IST

തിരുവനന്തപുരം: ചൈനയെന്ന് കേൾക്കുമ്പോൾ ചിലർ ചോപ്പുകണ്ട കാളയെപ്പോലെയെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍. അമേരിക്കയും ട്രംപും ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും വിശ്വസ്തരാണെന്നും 'ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ ചോപ്പുകണ്ട കാളയെപ്പോലെ' എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കില്‍ എഴുതിയിട്ടുള്ള കുറിപ്പില്‍ ജയരാജന്‍ ആരോപിക്കുന്നു.

ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ നിന്ന്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം പാർട്ടി കോൺഗ്രസ്സ്, സോഷ്യലിസത്തിലുള്ള തങ്ങളുടെ അടിയുറച്ച വിശ്വാസം ആവർത്തിക്കുകയും ഏകലോകക്രമം സ്ഥാപിക്കാനുള്ള അമേരിക്കൻ സാമ്രാജ്യ നിലപാടുകൾക്കെതിരായി ഉറച്ച നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത കാര്യങ്ങളെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം ചെയ്തപ്പോൾ ബിജെപി നേതാക്കൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും വിശ്വസ്തരാണ് അമേരിക്കയും ട്രമ്പും. അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 2008 ൽ ആരംഭിച്ച ഈ പ്രതിസന്ധി അതിജീവിക്കാൻ ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടില്ല. 2017ൽ മുതലാളിത്ത രാജ്യങ്ങളുടെ ജിഡിപി 3.3 ശതമാനം മാത്രമാണെങ്കിൽ ചൈന 6.7 ശതമാനമാണ് കൈവരിച്ചത്. ജീവിതനിലവാരവും മെച്ചപ്പെടുത്താൻ കഴിഞ്ഞു. സോഷ്യലിസത്തിലൂടെ ചൈനയെ കൂടുതൽ പുരോഗതിയേക്ക്‌ നയിക്കാനും, മറ്റ്‌ രാജ്യങ്ങളുടെമേൽ കുതിരകയറാൻ അമേരിക്കൻ സാമ്രാജ്യത്വം ശ്രമിച്ചാൽ ചെറുക്കുമെന്നും ചൈനീസ്‌ പാർട്ടികോൺഗ്രസ്സ്‌ തീരുമാനിച്ചു. ഇത്‌ ഓരോരാഷ്ട്രങ്ങൾക്കും മാതൃകയാക്കാവുന്ന സ്വാഗതം ചെയ്യേണ്ട തീരുമാനം തന്നെയാണ്‌.

കോടിയേരി മാത്രമല്ല നടനും കര്‍ഷകനുമായ ശ്രീനിവാസനും ചൈനയെക്കുറിച്ച് ഈയ്യടുത്ത് പറയുകയുണ്ടായി. ചൈനയിലെ കാര്‍ഷിക പുരോഗതി കണ്ണഞ്ചിപ്പിക്കുന്നതാണെന്ന് മാത്രമല്ല, ചൂഷണം കാണാനേയില്ലെന്നും ചൈന സന്ദര്‍ശിച്ച ശ്രീനിവാസന്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ അവസ്ഥയെന്താണ്..? ബി.ജെ.പി ഭരണത്തില്‍ കൃഷിക്കാരുടെ ആത്മഹത്യ പെരുകുന്നതല്ലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുതലാളിത്ത- സോഷ്യലിസ്റ്റ് രാജ്യങ്ങളായി വിഭജിക്കപ്പെട്ട സമൂഹത്തിൽ ബിജെപി ഏതു പക്ഷത്താണെന്ന് എല്ലാവര്‍ക്കും അറിയാം. അവരുടെ വർഗനയം എന്താണ്? ഇന്ത്യയിൽ ബിജെപി സ്വീകരിക്കുന്ന ഭരണനടപടികൾ പരിശോധിച്ചാൽ കോർപ്പറേറ്റ് അനുകൂല നിലപാടാണെന്ന് വ്യക്തമാണ്.

ഇന്ത്യന്‍ ഭരണഘടനയും വിഭാവനം ചെയ്യുന്ന സോഷ്യലിസം ജനങ്ങളുടെ ആകെ വികസനമാണ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഇവിടെ വികസിക്കുന്നത് ശതകോടീശ്വരര്‍ മാത്രമാണ്. അങ്ങനെയുള്ള ബി.ജെ.പി യില്‍ നിന്നും ഒരിക്കലും സോഷ്യലിസത്തേയും ചൈനയെയും പിന്തുണക്കുന്ന സമീപനം നാം പ്രതീക്ഷിച്ചുകൂടാ. കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം പ്രതീക്ഷിക്കാൻ വയ്യ. സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, സാമ്രാജ്യത്വ പ്രീണനവുമാണ് ബിജെപിയുടെ മുഖമുദ്ര. അതുകൊണ്ടാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്കെതിരായി അന്വേഷണം നടത്തണമെന്നും കേസ്സെടുക്കണമെന്നുമൊക്കെ ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നത്.

ഏത് രാഷ്ട്രത്തിന്‍റേയും നല്ലവശങ്ങളെ എന്തുകൊണ്ട് നമുക്ക് സ്വീകരിച്ചുകൂട. ഇന്ത്യാരാജ്യത്തിനെതിരെ വന്നാല്‍ ആ രാഷ്ട്രത്തിനെതിരെ നമ്മള്‍ ഒറ്റമനസ്സായി ഒരുമിക്കുകയും ചെയ്യും. സിപിഐ(എം) ലോകമാകെ ഉയർന്നുവരുന്ന സാമ്രാജ്യവിരുദ്ധ പോരാട്ടത്തോടൊപ്പം ഐക്യപ്പെടുന്ന പ്രസ്ഥാനമാണ്. മാനവവിമോചന പ്രസ്ഥാനങ്ങൾ ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ്. ബ്രിട്ടീഷുകാരുടെ കാലം മുതൽ സാമ്രാജ്യത്വത്തിന്റെ ഏജൻസിപ്പണിയാണ് സംഘപരിവാരം സ്വീകരിച്ചുവന്നത്. അവര്‍ അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. ഇവിടേയും ഒരുകാര്യം ഓർമ്മിക്കണം- മുതലാളിത്തരാഷ്ട്രമായിട്ടും പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കൻ ഭരണകൂടം അന്വേഷിച്ചത്‌ മാർ ക്സിനേയും മൂലധനത്തിന്റെ കോപ്പിയുമാണെന്നത്‌ കോർപ്പറേറ്റ്‌ സേവ ശീലമാക്കിയ മോഡിസർക്കാർ മറന്നുപോകരുത്‌.
- എം.വി. ജയരാജൻ

Follow Us:
Download App:
  • android
  • ios