Asianet News MalayalamAsianet News Malayalam

എന്തിനിങ്ങനെ പീഡിപ്പിക്കുന്നുവെന്ന് നദീര്‍

nadeers fb post on police tortue harrasment
Author
Thiruvananthapuram, First Published Jan 31, 2017, 10:29 AM IST

2016 ഡിസംബറിലാണ് ആറളം പൊലീസ് സ്റ്റേഷനിലെ 148/16 എന്ന കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റേന്ന് തെളിവില്ല എന്നും പറഞ്ഞു പോലീസ് വിട്ടയക്കുകയും ചെയ്തു. രാജ്യദ്രോഹകുറ്റമാണ് നദീറിനെതിരെ ചുമത്തിയതെന്നും മാവോയിസ്റ്റ് സംഘത്തില്‍ പെട്ടയാളാണ് നദീര്‍ എന്നുമായിരുന്നേു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് പിന്നീട് നിലപാട് മാറ്റി. ആറളം ആദിവാസി കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിലെ കണ്ടാലറിയാവുന്ന പ്രതിയാണെന്ന് സംശയം തോന്നി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് പിന്നീട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നത്.
 
എന്നാല്‍, തന്നെ പിടികൂടുന്നതിന് മാസങ്ങള്‍ക്കുമുമ്പ്, 2016 മേയ് മാസം കോടതിയില്‍ സമര്‍പ്പിച്ച ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടിലും മറ്റ് രേഖയിലും തന്റെ പേരും വിലാസവും അടക്കം ഉണ്ടായിരുന്നതായി രേഖകള്‍ പരിശോധിച്ചപ്പോള്‍ ബോധ്യമായെന്ന് നദീര്‍ പറയുന്നു. മൂന്ന് പ്രതികളെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും കണ്ടാലറിയുന്ന മറ്റ് പ്രതികളില്‍ ഒരാളാണ് എന്നു കരുതിയാണ് പിടികൂടിയതെന്നും പറയുന്ന പൊലീസ് എന്നാല്‍, കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു എന്നാണ് വ്യക്തമാക്കിയതെന്നും നദീര്‍ പറയുന്നു. 

പൊലീസ് പരസ്പരവിരുദ്ധമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ഒന്നും മനസ്സിലാവാത്ത അവസ്ഥയിലാണെന്നും നദീര്‍ പറയുന്നു. 

ആറളം കേസില്‍ പിഡികൂടിയ ശേഷം ജീവിതം കടുത്ത ദുരിതങ്ങളിലൂടെ പോവുകയാണെന്നും നദീര്‍ എഴുതുന്നു. വിദേശത്തുള്ള ജോലി പോയി. എങ്ങോട്ടും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. വീടും കോഴിക്കോട് നഗരവും മാത്രമാണ് ഇന്ന് തന്റെ ലോകമെന്നും നദീര്‍ എഴുതുന്നു. 


ഇതാണ് നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
തലശ്ശേരി സെഷന്‍സ് കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട പോലീസ് ഫയലുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ഇന്നലെയാണ് കയ്യില്‍ കിട്ടിയത്.
എത്ര ഭീകരമായി പോലീസിന് ഒരു നിരപരാധിയെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജീവിതം നശിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കെട്ടിച്ചമച്ച തിരക്കഥ.

2016 ഡിസംബര്‍ 19നാണ് ആറളം സ്റ്റേഷനിലെ 148/16 എന്ന ക്രൈമുമായി ബന്ധപ്പെട്ട് എന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റേന്ന് (20ന്) തെളിവില്ല എന്നും പറഞ്ഞു പോലീസ് വിട്ടയക്കുകയും ചെയ്തു. FIRലും പോലീസ് റിപ്പോര്‍ട്ടിലും മൂന്നു പ്രതികള്‍ക്ക് പുറമേ കണ്ടാലറിയാവുന്നവര്‍ എന്നതില്‍ സംശയം തോന്നി എന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് ഡിജിപി ഉള്‍പ്പെടെ പത്ര മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നത്.

എന്നാല്‍, എന്റെ പേരും അഡ്രസും മുഴുവന്‍ വിവരങ്ങളും 2016 മെയ്യില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വീഷര്‍ മഫസ്റ്ററിലും ഉള്‍പ്പെടെ എങ്ങനെ വന്നു?

മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു എന്ന് 2016 മെയ്യിലെ ഡി വൈ എസ് പി റിപ്പോര്‍ട്ടില്‍ കാണുന്നു, ഈ 'കണ്ടാലറിയുന്നവര്‍' എന്നും പറഞ്ഞു പോലീസ് നാടകം കളിച്ചത് എന്തിനായിരുന്നു?

2017 ജനുവരി 9ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ നാലാം പ്രതി ആക്കി എന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ തലശ്ശേരിയില്‍ നിന്നു ലഭിച്ച രേഖകളില്‍ 2016 മെയ്യില്‍ തന്നെ വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ മൂന്നാം പ്രതിയാണ് ഞാനെന്നു കാണുന്നു.. എങ്ങനെ?

എനിക്കും എല്ലാം കൂടെ തല കറങ്ങുന്നുണ്ട്.. ഒന്നും ഒന്നും മനസ്സിലാവുന്നില്ല..

ആരാണ് നുണ പറയുന്നത്?
ഡിജിപി??

സോഷ്യല്‍ മീഡിയയിലും മറ്റും ഉണ്ടായ പ്രതിഷേധങ്ങള്‍ കൊണ്ട് പോലീസ് തങ്ങള്‍ തയ്യാറാക്കിയ നാടകത്തിനു താല്‍ക്കാലിക ഇടവേള നല്‍കുക മാത്രമാണോ ഉണ്ടായത് ?

എല്ലാ പ്രതിഷേധങ്ങളും സംസാരങ്ങളും കെട്ടടങ്ങി, സ്വാഭാവികം.. വിഷയങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നത് എനിക്കും നന്നായി അറിയാവുന്ന കാര്യമാണ്..

എത്ര നാളാണ് സമാധാനമായി ഉറങ്ങാന്‍ കഴിയാതെ രാത്രികള്‍ തള്ളി നീക്കി കഴിച്ചു കൂട്ടുക.. എന്റെ വിഷയം എല്ലാവരും മറന്നേക്കുക.. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും ഞാന്‍ പോകും.. എത്ര കഷ്ടപ്പെട്ടാലും നടന്നു മടുത്താലും ഞാന്‍ നീതി നേടും.. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഒരേ ഒരു ഉറപ്പു മതി മുന്നോട്ടു പോകാന്‍..

എല്ലാവരും ഒന്നോര്‍ക്കുക.. ഭരണകൂടം വേട്ടയാടി ജീവിതം നശിപ്പിച്ച/നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ നിരപരാധിയുടെ പേരല്ല നദി., ഇത്തരം ഭീകര നിയമങ്ങള്‍ നദിയിലൂടെ അവസാനിക്കുമെങ്കില്‍ മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്..

നാളെ പുലരുമ്പോള്‍ എന്റെ പേരിന്റെ സ്ഥാനത്ത്് നിങ്ങള്‍ ആരുടെയെങ്കിലും പേരു വന്നേക്കാം. ഒരു തെറ്റും ചെയ്യാതെ നിങ്ങളിപ്പോള്‍ ഉറങ്ങുന്നതു പോലെ മനസ്സമാധാനത്തോടെ 2016 മാര്‍ച്ച് 3ന് കോഴിക്കോട് കിടന്നുറങ്ങിയ ഞാനാണ് പുലര്‍ന്നപ്പോള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മാര്‍ച്ച് 3നു നടന്ന ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതെന്നു പോലീസ് പറയുന്ന തീവ്രവാദി ആയത്.

ഉറങ്ങരുത് ആരും.. മിണ്ടുകയും അരുത്..

ഖത്തറിലെ ജോലി പോയി. യാത്രയോളം എനിക്കിഷ്ടമുള്ള ഒന്നും ഉണ്ടായിരുന്നില്ല, അതിനുള്ള അവകാശവും നഷ്ടപ്പെട്ടു..കോഴിക്കോട്.. വീട്..അങ്ങനെയാണിപ്പോള്‍ ജീവിതം..എത്ര നാളെടുക്കും കേസ് അനുകൂലമാക്കാന്‍ എന്നറിയില്ല..ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഒരിക്കലും ഉണ്ടാവരുത്.. അതെങ്കിലും ഓര്‍ത്ത് ഒന്നിച്ചൊരു ശബ്ദം നിങ്ങളില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു..

UAPA എന്ന ഭീകര നിയമം റദ്ദ് ചെയ്യുക

നീതി വേണംള കിട്ടിയേ തീരൂ..

Follow Us:
Download App:
  • android
  • ios