Asianet News MalayalamAsianet News Malayalam

സിബിഐ തലപ്പത്ത് അലോക് വര്‍മ്മയ്ക്ക് പകരം നാഗേശ്വര റാവു; പ്രധാനമന്ത്രിയെ നയിക്കുന്നത് ഭയമെന്ന് കോൺഗ്രസ്

സെലക്ഷൻ കമ്മിറ്റി യോഗം തുടരുമ്പോൾ തന്നെ അലോക് വർമ്മ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു. ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു വീണ്ടും ഈ ഉത്തരവുകൾ റദ്ദാക്കാനാണ് സാധ്യത. രാകേഷ് അസ്താനയ്ക്കെതിരായ കേസിൽ ദില്ലി ഹൈക്കോടതി വെള്ളിയഴ്ച വിധി പറയുന്നതിനു തൊട്ടുമുമ്പാണ് അലോക് വർമ്മയക്ക് സ്ഥാനം നഷ്ടമായത്

nageshwar rao appointed as cbi director
Author
New Delhi, First Published Jan 10, 2019, 10:04 PM IST

ദില്ലി: പ്രധാനമന്ത്രിയുടെ വീട്ടിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന്‍റെ തീരുമാന പ്രകാരം സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ മാറ്റിയാണ് ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്. പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസിന്‍റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും തീരുമാനത്തോട് യോജിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ വിയോജിച്ചു. 

വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്. ഡയറക്ടർ ഫയർ സർവ്വീസസ് ആൻറ് ഹോം ഗാർഡ്സ് ആയാണ് മാറ്റം. രണ്ടരമണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ സമിതി യോഗം കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ചു. അഴിമതിക്ക് സാഹചര്യ തെളിവുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. അലോക് വർമ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാർജ്ജുന ഖർഗെ വാദിച്ചു. അലോക് വർമ്മയെ ഉടൻ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖർഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു. റഫാൽ ഇടപാട് ചൂണ്ടിക്കാട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെ രംഗത്തു വന്നു.

സെലക്ഷൻ കമ്മിറ്റി യോഗം തുടരുമ്പോൾ തന്നെ അലോക് വർമ്മ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു. ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു വീണ്ടും ഈ ഉത്തരവുകൾ റദ്ദാക്കാനാണ് സാധ്യത. രാകേഷ് അസ്താനയ്ക്കെതിരായ കേസിൽ ദില്ലി ഹൈക്കോടതി വെള്ളിയഴ്ച വിധി പറയുന്നതിനു തൊട്ടുമുമ്പാണ് അലോക് വർമ്മയക്ക് സ്ഥാനം നഷ്ടമായത്. രണ്ടു ദിവസം മുമ്പ് സുപ്രീം കോടതിയിൽ നിന്ന് കനത്ത പ്രഹരമേറ്റ സർക്കാർ ഒരു സുപ്രീംകോടതി ജഡ്ജിയുടെ പിന്തുണ ഉറപ്പാക്കി തിരിച്ചടിച്ചിരിക്കുന്നു. റഫാൽ ഇടപാടിൽ എന്തെങ്കിലും അന്വേഷണം ഈ സർക്കാരിൻറെ കാലത്ത് വരാനുള്ള സാധ്യത സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തോടെ ഇല്ലാതായി.

അതേസമയം സിബിഐ തലപ്പത്തെ മാറ്റത്തോട് കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സിബിഐ ഡയറക്ടറെ മാറ്റി സ്വന്തം ഇഷ്ടക്കാരനെ അവിടെ നിയമിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്ന ഭയം എന്താണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ആനന്ദ് ശര്‍മ്മ ചോദിച്ചു. പ്രധാനമന്ത്രിയെ നയിക്കുന്നത് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios