Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ മഹാസമുദ്രത്തിലെ അടുത്ത ചുഴലിക്കാറ്റിന്റെ പേര്

  • ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍, മാലദ്വീപ്, ഒമാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകളാണ് ഈ മേഖലയില്‍ വരുന്ന ചുഴലിക്കാറ്റിന് ഇടുന്നത്.
  • നാമകരണം തുടങ്ങിയ ശേഷം 2004-ല്‍ ഉണ്ടായ ആദ്യത്തെ ചുഴലിക്കാറ്റിന് പേരിട്ടത് ബംഗ്ലാദേശാണ് ഒനീല്‍ എന്നായിരുന്നു ആ ചുഴലിക്കാറ്റിന്റെ പേര്. 
names of cyclones

ചെന്നൈ: ഓഖി ചുഴലിക്കാറ്റ് വിതച്ച ഭീതിയില്‍ നില്‍ക്കുന്ന കേരളത്തെ ഭയത്തിലാഴ്ത്തി കൊണ്ടു മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ടു കഴിഞ്ഞു. അന്തരീക്ഷത്തില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ദിവസങ്ങള്‍ക്ക് ശേഷം തീവ്രന്യൂനമര്‍ദ്ദമായും അതില്‍ നിന്ന് കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ ചുഴലിക്കാറ്റായി മാറുകയുമാണ് പതിവ്. 

കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും പെട്ടെന്ന് തിരിച്ചറിയാനും പൊതുജനങ്ങളിലെത്തിക്കാനും വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്. ലോക കാലാവസ്ഥാ സംഘടനയും (ഡബ്‌ള്യൂ എം ഓ)  യുഎന്നിന്റെ എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും (എസ്‌കാപ്പ്) ചേര്‍ന്നാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം ആരംഭിക്കുന്നത്. 

മൊത്തം ഭൂമിയെ 9 മേഖലകളായി തിരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്‌ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്‌ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്‌ലാന്റിക് എന്നിവയാണ് ഈ മേഖലകള്‍. 

ഇപ്രകാരം ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ആ മേഖലയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ ചേര്‍ന്നാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍, മാലദ്വീപ്, ഒമാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകളാണ് ഈ മേഖലയില്‍ വരുന്ന ചുഴലിക്കാറ്റിന് ഇടുന്നത്. നാമകരണം തുടങ്ങിയ ശേഷം 2004-ല്‍ ഉണ്ടായ ആദ്യത്തെ ചുഴലിക്കാറ്റിന് പേരിട്ടത് ബംഗ്ലാദേശാണ് ഒനീല്‍ എന്നായിരുന്നു ആ ചുഴലിക്കാറ്റിന്റെ പേര്. 

ഈ എട്ട് രാജ്യങ്ങളും ചേര്‍ന്ന് 64 പേരുകള്‍ ചുഴലിക്കാറ്റുകള്‍ക്ക് നല്‍കാനായി തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ നിന്നുമാണ് ചുഴലിക്കാറ്റിന് പേരിടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2017-ല്‍ രൂപം കൊണ്ട് തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയപ്പോള്‍ അതിന് ഓഖി എന്ന പേരാണ് നല്‍കിയത്. ബംഗ്ലാദേശ് നിര്‍ദേശിച്ച പേരാണ് ഇത്. ഓഖി എന്ന വാക്കിന് കണ്ണ് എന്നാണ് അര്‍ത്ഥം. ഓഖിക്ക് മുന്‍പുണ്ടായ ചുഴലിക്കാറ്റിന് മോറ എന്നായിരുന്നു പേര്. തായ്‌ലന്റ് നിര്‍ദേശിച്ച പേരായിരുന്നു അത്. കടല്‍ നക്ഷത്രം എന്നാണ് ആ പേരിന്റെ അര്‍ത്ഥം. 

പട്ടികയിലേക്ക് ഇന്ത്യ നല്‍കിയ എട്ട് പേരുകളില്‍ ഒന്നാണ് ഇനി വരുന്ന ചുഴലിക്കാറ്റിന് നല്‍കുക. അതില്‍ ആറെണ്ണം ഇതിനോടകം നല്‍കി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് സാഗര്‍,വായു എന്നീ പേരുകളാണ്.  ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട് തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് സാഗര്‍ എന്നായിരിക്കും പേരിടുക. മാലിദ്വീപ് നിര്‍ദേശിച്ച മെകുനു എന്ന പേരാണ് അടുത്ത ചുഴലിക്കാറ്റിന് ലഭിക്കുക. 

പട്ടികയില്‍ ഇനി ബാക്കിയുള്ള പേരുകളും അത് നിര്‍ദേശിച്ച രാജ്യവും

സാഗര്‍ - ഇന്ത്യ
മെകുനു - മാലിദ്വീപ്
ഡേയ് - മ്യാന്‍മര്‍
ലുബന്‍ - ഒമാന്‍ 
ടിട്‌ലി - പാകിസ്താന്‍
ഗജ -ശ്രീലങ്ക
പെഹ്തയ്- തായ്‌ലന്റ് 
ഫനി - ബംഗ്ലാദേശ്
വായു - ഇന്ത്യ
ഹിക്ക - മാലിദ്വീപ്‌സ്
ക്യാര്‍ - മ്യാന്‍മര്‍
മഹാ - ഒമാന്‍
ബുള്‍ബുള്‍ - പാകിസ്താന്‍ 
പവന്‍ - ശ്രീലങ്ക
അംപാന്‍ - തായ്‌ലന്റ് 

Follow Us:
Download App:
  • android
  • ios