Asianet News MalayalamAsianet News Malayalam

കമ്മ്യൂണിസ്റ്റുകാർ ഒരിക്കലും വനിതയെ മുഖ്യമന്ത്രിയാക്കിയിട്ടില്ലെന്ന് മോദി

യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ ആണ് എൽഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ത്രീശാക്തീകരണ-നവോത്ഥാന നയങ്ങളെ പ്രധാനമന്ത്രി ഖണ്ഡിക്കാൻ ശ്രമിച്ചത്. 

narendramodi against cpim
Author
Thekkinkadu Maidan, First Published Jan 27, 2019, 9:32 PM IST

തൃശ്ശൂർ: ശബരിമല വിഷയത്തില്‍ സ്ത്രീസമത്വത്തില്‍ ഊന്നിയാണ് നിലപാട് എടുത്തതെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വാദത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ ആണ് എൽഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ത്രീശാക്തീകരണ-നവോത്ഥാന നയങ്ങളെ പ്രധാനമന്ത്രി ഖണ്ഡിക്കാൻ ശ്രമിച്ചത്. 

ചരിത്രത്തിൽ ഒരിക്കൽ പോലും ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിൽ വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്ന് തേക്കിൻക്കാട് മൈതാനത്ത് നടത്തിയ പ്രസം​ഗത്തിൽ മോദി പറഞ്ഞു. വിശ്വാസികൾക്കൊപ്പമാണ് തങ്ങളെന്ന യുഡിഎഫ് വാദത്തെ പരിഹസിച്ചു കൊണ്ട് ശബരിമല വിഷയത്തിൽ ദില്ലിയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടും ഉള്ളവരാണ് യുഡിഎഫ് നേതാക്കളെന്നും മോദി പറഞ്ഞു. 

തൃശ്ശൂരിൽ മോദി പറഞ്ഞത്...

പരിതാപകരം എന്ന് പറയട്ടെ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വലിയ ആക്രമണം നേരിടുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ്. ശബരിമല വിഷയം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും നേടിയ സംഭവമാണ്. കേരള സാംസ്കാരം എല്ലാ രീതിയിലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണ് ശബരിമലയില്‍ ഉണ്ടായത്. എന്ത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരത്തെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.  

ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ അതേ നിലപാടാണ് കോണ്‍ഗ്രസിനും യുഡിഎഫിനും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ദില്ലിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. അവരുടെ ഇരട്ടത്താപ്പ് ഇപ്പോള്‍ വെളിപ്പെട്ടു കഴിഞ്ഞു. അതൊന്നും ഇവിടെ വിലപോവില്ലെന്ന് അവര്‍ മനസ്സിലാക്കണം. സ്ത്രീ ശാക്തീകരണത്തിന്‍റെ കാര്യത്തില്‍ അവര്‍ക്കൊരു താത്പര്യവുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമത്തെ അവര്‍ എതിര്‍ക്കുമായിരുന്നില്ല.  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുള്ള ചരിത്രമുണ്ടോ. 

Follow Us:
Download App:
  • android
  • ios