Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ചത് കൂട്ടുകാർക്ക് നൽകാനെന്ന് പ്രതികൾ

  • വസ്ത്രങ്ങൾ മോഷ്ടിച്ച് കൂട്ടുകാർക്ക് നൽകിയെന്ന് പ്രതികൾ 
  • പിടിയിലായത് കരാർ ജീവനക്കാർ 
  • കയറ്റുമതിക്കെത്തിച്ച വസ്ത്രങ്ങളാണ് മോഷ്ടിച്ചത് 
nedumbassery goods theft

കൊച്ചി: നെടുമ്പാ ശ്ശേരി വിമാനത്താവളത്തിൽ കയറ്റുമതിക്കെത്തിച്ച വസ്ത്രങ്ങൾ മോഷ്ടിച്ചത് കൂട്ടുകാർക്ക് നൽകാൻ കൂടിയെന്ന് പ്രതികള്‍. വിമാനത്താവളത്തിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയിലെ മൂന്ന് തൊഴിലാളികളെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാനത്താവളത്തിൽ കയറ്റുമതിക്കായി എത്തിക്കുന്ന സാധനങ്ങൾ കൈകാര്യം ചെയ്യുന്നത് കരാറടിസ്ഥാനത്തിൽ നിയോഗിക്കുന്ന സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജൻസിയാണ്. ഇതിലെ ജീവനക്കാരായ കടവല്ലൂർ സ്വദേശി സജാദ്, ആലങ്ങാട് സ്വദേശി സുജിൽ ,പഴഞ്ഞി സ്വദേശി ആഷിക് എന്നിവരാണ് വസ്ത്രങ്ങൾ മോഷ്ടിച്ചതിന് അറസ്റ്റിലായത്. 

തിരുപ്പൂരിലെ കമ്പനികളിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റിയയക്കുന്ന വസ്ത്രങ്ങളടങ്ങിയ പെട്ടികളിൽ നിന്നാണ് മോഷണം നടത്തിയത്. സ്വന്തമായി ഉപയോഗിക്കുന്നതിന് പുറമെ കൂട്ടുകാർക്ക് സമ്മാനിക്കാൻ കൂടി വേണ്ടിയാണ് ടീഷർട്ട് അടക്കമുള്ള വസ്ത്രങ്ങൾ മോഷ്ടിച്ചതെന്നാണ് പ്രതികളുടെ മൊഴി. 

പെട്ടികളിൽ നിന്ന് വസ്ത്രങ്ങൾ നഷ്ടപ്പെടുന്നതായി പരാതി കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ പെട്ടികൾ തുറന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് ഒളിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്ന് വിമാനത്താവള അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

കയറ്റുമതിക്കായി എത്തുന്ന പെട്ടികളിൽ മറ്റെന്തെങ്കിലും വസ്തുക്കൾ അനധികൃതമായി കടത്തുന്നുണ്ടോ എന്നറിയാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ചില പെട്ടികൾ തുറന്ന് നോക്കാറുണ്ട്. ഇങ്ങനെ തുറന്നത് എന്ന വ്യാജേനയാണ് പിടിയിലായവർ പെട്ടികൾ തുറന്ന് കവർച്ച നടത്തിയത്.