Asianet News MalayalamAsianet News Malayalam

രക്ഷാ യാത്ര കൊണ്ടും 'രക്ഷ'യില്ല: നേതൃമാറ്റത്തിന് സാധ്യത

New clash on BJP Kerala
Author
First Published Oct 16, 2017, 2:10 PM IST

തിരുവനന്തപുരം: കുമ്മനത്തിന്‍റെ ജനരക്ഷായാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെ വേങ്ങരയിലെ ദയനീയ തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയായി. കുമ്മനത്തിൽ നിന്നും ദേശീയ നേതൃത്വം റിപ്പോർട്ട് തേടും. ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പ് സംസ്ഥാന ഘടകത്തിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. 

രക്ഷായാത്ര നടത്തിയിട്ടും രക്ഷിയില്ലാതെ ബിജെപി. പാർട്ടിയുടേയും യാത്രയുടേയും നായകൻ കുമ്മനം തന്നെയാണ് പ്രതിക്കൂട്ടിൽ.  2016 ൽ ആലിഹാജിയെന്ന എൻഡിഎ സ്ഥാനാർത്ഥി നേടിയ വോട്ട് പോലും ജനചന്ദ്രൻമാസ്റ്റർക്ക് കിട്ടാത്തത് വിശദീകരിക്കാൻ കുമ്മനം പാടുപെടും. ഇടത് വലത് നേതാക്കളുടെ സംഘം വേങ്ങരയിൽ കേന്ദ്രീകരിക്കുമ്പോൾ യാത്ര മാറ്റിവെക്കണമെന്നായിരുന്നു വി.മുരളീധരനടക്കമുള്ള നേതാക്കളുടെ അഭിപ്രായം. യാത്രക്ക് നിർബന്ധം പിടിച്ചത് കുമ്മനമായിരുന്നു.  

പാർട്ടിക്ക് വേങ്ങരയിൽ വേരോട്ടമുണ്ടായിരുന്നില്ലെന്ന വാദം നിലനിൽക്കില്ല. സ്വാധീനമില്ലാതിരുന്നിട്ടും നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവെച്ചത് മിന്നു പ്രകടനം. കേരളത്തിന് കേന്ദ്രമന്ത്രിയെ നൽകിയതിന് പിന്നാലെയുള്ള ദയനീയതോൽവിയിൽ ദേശീയ നേതൃത്വം കുമ്മനത്തോട് വിശദീകരണം തേടും. 

ഈ രീതിയിൽ പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ രക്ഷയുണ്ടാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെയും ആർഎസ്എസ്സിന്‍റെയും വിലയിരുത്തൽ. സംസ്ഥാന ഘടകത്തിൽ അടിമുടി അഴിച്ചുപണിക്ക് തന്നെ അമിത്ഷാ മുതിരാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios