Asianet News MalayalamAsianet News Malayalam

ഫസല്‍ വധക്കേസ്: ബി.ജെ.പിയുടെ ആരോപണങ്ങള്‍ പൊളിയുന്നു, പുതിയ തെളിവ് പുറത്ത്

new evidences on fasal murder case
Author
First Published Jun 10, 2017, 10:55 AM IST

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട സുബീഷ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഇത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കൊലപാതകത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുബീഷ് പൊലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പറയിച്ചതാണെന്ന വിശദീകരണവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കൊലപാതകത്തില്‍ പങ്കെടുത്ത സുബീഷിന്റെ ഫോൺ സംഭാഷണവും പുറത്ത് വന്നിരിക്കുന്നത്. ബി.ജെ.പി നേതാവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഫസലിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇയാള്‍ വിശദീകരിക്കുന്നുണ്ട്. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബീഷിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് മുന്നില്‍ ഫസല്‍ കൊലപാതകത്തിലെ വിശദാംശങ്ങളും ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ടെലഫോണ്‍ സംഭാഷണം പോലീസ് കസ്റ്റഡിയിൽ ആവുന്നതിനു മുമ്പ് നടത്തിയതാണ്. ഇതോടെ പൊലീസ് മര്‍ദ്ദിച്ച് കുറ്റസമ്മത മൊഴി ശേഖരിച്ചതാണെന്ന ബി.ജെ.പി നേതാക്കളുടെ വാദം പൊളിയുകയാണ്. 

കൊലപാതകത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ പേരുകളും ഇയാള്‍ പറയുന്നു. ഫസല്‍ വലിയ അഭ്യാസിയായിരുന്നെന്നും കൊലപ്പെടുത്താന്‍ എത്തിയവരെ കണ്ട് ഫസല്‍ ഓടിയപ്പോള്‍ പിന്നാലെ ഓടിയാണ് വെട്ടിയത്. ഒരു വലിയ വീടിന്റെ ഗേറ്റില്‍ പിടിച്ച് ചാടാന്‍ നോക്കിയപ്പോഴേക്കും കൊടുവാള്‍ കൊണ്ട് വെട്ടി. അപ്പോഴേക്കും കാര്യം കഴിഞ്ഞിരുന്നു. വണ്ടിയെടുത്ത് സ്ഥലത്ത് നിന്ന് പോകാന്‍ നോക്കിയിട്ടും പിന്നീട് തിരികെ വന്ന് ഒരു വെട്ട് കൂടി വെട്ടി മരണം ഉറപ്പാക്കിയെന്നും ഇയാള്‍ പറയുന്നുണ്ട്.   ആര്‍.എസ്.എസിന്റെ കൊടിമരവും ബോര്‍‍ഡും സ്ഥിരമായി നശിപ്പിച്ചതിലുള്ള വിരോധമായിരുന്നു കൊലയ്‌ക്ക് കാരണമെന്നും. കൊലപാതകത്തിന് ശേഷം കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ വാങ്ങിവെച്ചത് മാഹിയിലെ തിലകന്‍ ചേട്ടനാണെന്ന് സുബീഷ് ഇന്നലെ പൊലീസിനോട് സമ്മതിച്ചത്. പിന്നീട് തലശ്ശേരി ആര്‍.എസ്.എസ് കാര്യാലയത്തിലെത്തി സംഭവം പറഞ്ഞുവെന്നും. ഷിനോജ് അടക്കം മറ്റ് മൂന്ന് പേരാണ് കൊലയ്‌ക്കുള്ള ആയുധങ്ങള്‍ കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞു. ഷിനോജ്, പ്രമീഷ്, പ്രഭീഷ് എന്നിവരും കൊലയില്‍ പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ രണ്ട് ഡി,വൈ.എസ്.പിമാര്‍ തലകീഴായി കെട്ടിത്തൂക്കിയാണ് കുറ്റസമ്മത മൊഴിയെടുത്തത് എന്നാണ് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നത്. പുതിയ ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ നേരത്തെ വിശദീകരണവുമായി വന്ന ബി.ജെ.പി നേതാക്കള്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

 

Follow Us:
Download App:
  • android
  • ios