Asianet News MalayalamAsianet News Malayalam

പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ താവളമൊരുങ്ങുന്നു

പാകിസ്ഥാനില്‍ നിന്നുണ്ടായേക്കാവുന്ന പ്രകോപനങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പ്രത്യാക്രമണങ്ങള്‍ നടത്താനും വ്യോമസേനയ്ക്ക് പുതിയ താവളം ഏറെ സഹായകമായിരിക്കും.

new IAF base to be nuilt at deesa

ദില്ലി: പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ വ്യോമ താവളം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതിയാണ് അനുമതി നല്‍കിയത്. പാകിസ്ഥാനില്‍ നിന്നുണ്ടായേക്കാവുന്ന പ്രകോപനങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പ്രത്യാക്രമണങ്ങള്‍ നടത്താനും വ്യോമസേനയ്ക്ക് പുതിയ താവളം ഏറെ സഹായകമായിരിക്കും.

പ്രദേശത്ത് നിലവില്‍ 1000 മീറ്റര്‍ റണ്‍വേയുള്ള ചെറിയൊരു വിമാനത്താവളമുണ്ട്. ഹെലികോപ്റ്ററുകള്‍ ലാന്റ് ചെയ്യാന്‍ മാത്രമായാണ് നിലവില്‍ ഇത് ഉപയോഗിക്കുന്നത്. റണ്‍വെ ദീര്‍ഘിപ്പിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനും ആദ്യഘട്ടമായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് സൂചന.  4000 ഏക്കറില്‍ പണിതുയര്‍ത്താന്‍ ഉദ്ദേശിക്കുന്ന വ്യോമ താവളം ബാമര്‍, ഭുജ് വ്യോമ താവളങ്ങള്‍ക്കിടയിലെ നിര്‍ണ്ണായക സ്ഥാനമായി മാറും. രണ്ട് പതിറ്റാണ്ട് മുന്‍പ് തന്നെ ഇവിടെ വ്യോമസേനാ താവളം പണിയണമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് അന്തിമ തീരുമാനമാകാതെ നീണ്ടുപോവുകയായിരുന്നു. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഇപ്പോള്‍ ക്യാബിനറ്റ് സമിതിയില്‍ വിഷയം പരിഗണനയ്ക്ക് കൊണ്ടുവന്നത്. 

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഗാന്ധിനഗറിലുള്ള വ്യോമസേനയുടെ സൗത്ത് വെസ്‍റ്റേണ്‍ എയര്‍ കമാന്റിന് കീഴിലായിരിക്കും ദീസ വ്യോമതാവളവും പ്രവര്‍ത്തിക്കുക. ആയുധങ്ങളും പോര്‍ വിമാനങ്ങളും സജ്ജീകരിക്കുന്ന എയര്‍ ബേസിന്റെ നിര്‍മ്മാണത്തിന് ആകെ 4000 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്ക്.

Follow Us:
Download App:
  • android
  • ios