Asianet News MalayalamAsianet News Malayalam

ജിഷാ വധക്കേസ്: കൊലയാളിയെപ്പറ്റി സൂചന നൽകിയാൽ പാരിതോഷികം

New revelation in Jisha murder case
Author
Kochi, First Published Jun 9, 2016, 12:30 PM IST

ജിഷ വധക്കേസിൽ  എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘം സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം തുടരുകയാണ്. കൊലയാളിയുടെതെന്ന് സംശയിക്കുന്ന രേഖാ ചിത്രം ഇതരസംസ്ഥാനങ്ങളിലെ പോലീസ് ക്രൈംറിക്കോർഡ്സ് ബ്യൂറോകളിലേക്ക് അയച്ചെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. ജിഷയുമായി പരിചയമുളളയാളാണ് കൊലയാളിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 

രേഖാചിത്രവുമായി സാമ്യമുളള ഒരാളെ ഇടുക്കി വെൺമണിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പ്രത്യേക അന്വേഷണസംഘം പെരുമ്പാവൂരിലെത്തിച്ച് ചോദ്യം ചെയ്യും.ജിഷയുടെ കൊലപതകം നടന്ന ദിവസം ഇയാൾ പെരുമ്പാവൂരിൽ ഉണ്ടായിരുന്നോയെന്നാണ് അന്വേഷിക്കുക.ജിഷയുടെ ഫോണിൽ കണ്ടെത്തിയ മൂന്നുപേരുടെ ചിത്രങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.  

ഈ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാനും നീക്കമുണ്ട്. കൊലയാളിയെപ്പറ്റി നിർണായക വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാനും പോലീസ് ആലോചിക്കുന്നുണ്ട്. പത്തുലക്ഷത്തോളം രൂപാ ഇനാം നൽകാനാനാണ് നീക്കമെന്നറിയുന്നു. സർക്കാരിന്‍റെ അനുമതി കിട്ടിയാൽ പോലീസ് മേധാവി ഈ പ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.

പൊതുജനങ്ങളിൽ നിന്ന് വിവരംശേഖരിക്കാൻ സ്ഥാപിച്ച ബോക്സുകൾ അന്വേഷണസംഘം വൈകാതെ തുറന്ന് പരിശോധിക്കും.അതിനിടെ ജിഷാ വധക്കേസ് ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ പലരെയും പുതിയ സംഘത്തിലും നിലനിർത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios