Asianet News MalayalamAsianet News Malayalam

വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് ദുബൈയ്ക്ക് സമഗ്ര വ്യവസായ നയം വരുന്നു

news industrial policy to strenghthen industrial growth of dubai
Author
First Published Jun 28, 2016, 12:11 AM IST

വ്യവസായമേഖലയുടെ വളര്‍ച്ചയിലൂടെ 16,000 കോടി ദിര്‍ഹത്തിന്‍റെ അധികവരുമാനം ലക്ഷ്യമിട്ട് ദുബായില്‍ സമഗ്ര വ്യവസായ നയം ഒരുങ്ങുന്നു. 2030ലെത്തുന്നതോടെ രാജ്യത്ത് 27000 തൊഴിലവസരങ്ങളും കയറ്റുമതിയില്‍ 1,600കോടി ദിര്‍ഹത്തിന്‍റെ വളര്‍ച്ചയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ നയ പ്രഖ്യാപന വേളയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു. വൈജ്ഞാനിക മികവില്‍ അധിഷ്ഠിതമായ സുസ്ഥിര വളര്‍ച്ചയിലൂടെ ദുബൈയെ വ്യവസായ മേഖലയുടെ രാജ്യാന്തര ആസ്ഥാനമാക്കുകയാണ് ലക്ഷ്യം. 

ഇതിനായി ഏറ്റവും നവീന സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും ആര്‍ജിക്കും. പദ്ധതികള്‍ വ്യക്തമായി ആസൂത്രണം ചെയ്ത് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടപടികള്‍ ഊര്‍ജ്ജിതമാക്കും. നിര്‍മ്മാണ മേഖലയുടെ മികവും ഉല്‍പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുകയാണ് ആദ്യലക്ഷ്യം. ഇതുവഴി ദുബൈയെ ലോകത്തിലെ മുന്‍നിര ഉല്‍പാദന കേന്ദ്രമാക്കാനാണ് പദ്ധതി. പരിസ്ഥിതി സൗഹാര്‍ദ നിര്‍മാണ, വ്യവസായ മേഖല യാഥാര്‍ത്ഥ്യമാക്കുകയാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. ദുബൈയെ ഇസ്ലാമിക ഉല്‍പന്നങ്ങളുടെ രാജ്യാന്തര വിപണിയാക്കും. 

2030ല്‍ വ്യവസായ മേഖലയില്‍ 1800ദിര്‍ഹത്തിന്‍റെ വളര്‍ച്ചയും ഗവേഷണ വികസന പരിപാടികളില്‍ 70 കോടിയുടെ അധിക നിക്ഷേപവുമുണ്ടകുമെന്നും പുതിയ നയം പദ്ധതിയിടുന്നു. വ്യോമയാന ബഹിരാകാശ മേഖലകളുടെ പഠന ഗവേഷണഘങ്ങളിലും മുന്നേറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഭക്ഷ്യ മേഖലയിലെ സാധ്യതകളിലേക്കും ദുബൈ വഴിതുറക്കും. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും മേഖലയിലെ പ്രമുഖ കേന്ദ്രമാകാന്‍ എമിറേറ്റ് ഒരുങ്ങുകയാണെന്നും വ്യവസായ നയം പ്രഖ്യാപിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

Follow Us:
Download App:
  • android
  • ios