Asianet News MalayalamAsianet News Malayalam

പൊലീസ് പത്ത് സംഘങ്ങളായി തമിഴ്നാട്ടിലടക്കം തിരച്ചില്‍ നടത്തി; പ്രതിയുടെ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്ത്

നെയ്യാറ്റിന്‍കരയിലെ സനലിന്‍റെ കൊലപാതകത്തില്‍ പ്രതിയെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തി, ഡിവൈഎസ്പി ഹരികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത് തിരുവനന്തപുരത്തെ പൊലീസ് നിരീക്ഷണത്തിലുള്ള സ്വവസതിയില്‍ . 

Neyyattinkara murder dysp harikumar deadbody found in trivandrum
Author
Kerala, First Published Nov 13, 2018, 12:11 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനലിന്‍റെ കൊലപാതകത്തില്‍ പ്രതിയെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തുന്നതിനിടെയാണ് ഡിവൈഎസ്പി ഹരികുമാറിനെ തിരുവനന്തപുരത്തെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

സംഭവം നടന്ന മൂന്ന് ദിവസത്തിന് ശേഷം ഈ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കായി എത്തിയിരുന്നു. എന്നാല്‍ ഗേറ്റ് പൂട്ടിക്കിടക്കുന്നതനാല്‍ പരിശോധന നടത്താന്‍ സാധിച്ചില്ല. വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് വീട് അടച്ചിട്ട നിലയിലായിരുന്നു. താക്കോല്‍ ഭാര്യാമാതാവിന്‍റെ കയ്യിലും. അന്ന് പൊലീസ് അകത്ത് കയറി പരിശോധന നടത്താതെ തിരിച്ചുപോയി.

തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ബന്ധുക്കളില്‍ നിന്ന് താക്കോല്‍ വാങ്ങി വീണ്ടും വീട് പരിശോധിച്ചു. ഈ പരിശോധനയില്‍ ഹരികുമാറിനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. 

ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് കര്‍ണാടക ബോര്‍ഡറില്‍ വച്ച് ഹരികുമാര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഫോണിന്‍റെ സിഗ്നല്‍ ലഭിച്ചു എന്നതാണ്. ഹരികുമാറിന്‍റെ ഭാര്യയുടെ അമ്മ വളര്‍ത്തുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. പ്രതിയെ നേരത്തെ തിരിച്ചറിഞ്ഞ കേസില്‍ അയാളെ പിടികൂടുകയെന്നത് മാത്രമായിരുന്നു പൊലീസിന്‍റെ ദൗത്യം. ഇതിനായി പത്ത് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തെരച്ചില്‍ ആരംഭിച്ചത്.

ഹരികുമാര്‍ മധുരയിലേക്ക് കടന്നെന്ന സൂചനയെത്തുടര്‍ന്ന് മധുരയിലും അന്വേഷണം നടത്തി. ഒരു സംഘം മധുരയില്‍ അന്വേഷണം നടത്തി വരികയാണെന്ന് ഇന്നലെയും പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രതി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് തൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പികാരന്‍ പിടിയിലായിരുന്നു. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.  സനല്‍ മരിച്ചെന്ന് അറിഞ്ഞ ഉടനെ രക്ഷപെട്ട ഹരികുമാര്‍ എത്തിയത് തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

നേരത്തെ പരിചയമുണ്ടായിരുന്ന മാനേജർ സതീഷ് നൽകിയ രണ്ട് സിംകാർഡ് ഉപയോഗിച്ചാണ് ഇയാൾ പലരേയും വിളിച്ചത്. പക്ഷേ ബുധനാഴ്ചയ്ക്ക് ശേഷം ഈ സിംകാർഡുകളിൽ നിന്നും ആരെയും വിളിച്ചിട്ടില്ല. സതീഷിന്‍റെ ഡ്രൈവർ രമേശുമായാണ് ഹരികുമാർ തൃപ്പരപ്പിൽ നിന്ന് പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം രമേശിനെക്കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല. 

ഡിവൈഎസ്പിക്കും ബിനുവിനും ഒളിവിൽ പോകാൻ ബന്ധുവിന്‍റെ കാര്‍ എത്തിച്ച് നല്‍കിയ അനൂപ് കൃഷ്ണയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുന്ന ബിനുവിന്‍റെ മകനാണ് അനൂപ് കൃഷ്ണ. അതേസമയം ബിനുവിനെയും കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. പത്ത് സംഘങ്ങളായി ക്രൈംബ്രാഞ്ച്  വലവിരിച്ചിട്ടും പൊലീസ് നിരീക്ഷണത്തിലുള്ള തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ഡിവൈഎസ്പിയുടെ മൃതദേഹം കണ്ടെത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം.

Follow Us:
Download App:
  • android
  • ios