Asianet News MalayalamAsianet News Malayalam

അമ്പലപ്പുഴ പാല്‍പ്പായസം രുചിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും നിക് ഊട്ട്

  • ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിക്കൊപ്പമാണ് നിക് ഊട്ട് ക്ഷേത്രത്തിലെത്തിയത്.
Nick Ut visit Ambalappuzha sreekrishna temple

ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസം കുടിച്ചും ഓട്ടന്‍തുള്ളല്‍ കണ്ട് മനം നിറഞ്ഞും നിക് ഊട്ട്. ക്യാമറയില്‍ അത്ഭുതം തീര്‍ക്കുന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിയറ്റ്നാം സ്വദേശി നിക് ഊട്ട് ഇന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സന്ദർശിച്ചു.  ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിക്കൊപ്പമാണ് നിക് ഊട്ട് ക്ഷേത്രത്തിലെത്തിയത്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര പ്രസ് ഫോട്ടോഗ്രാഫി ഫെസ്റ്റിവലില്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഇദ്ദേഹം മടക്കയാത്രയിലാണ് അമ്പലപ്പുഴയിലെത്തിയത്.

ഇവര്‍ എത്തിയപ്പോള്‍ ക്ഷേത്രത്തില്‍ ഉച്ച ശീവേലിയായിരുന്നു. ശീവേലിയുടെ ചിത്രങ്ങള്‍ തന്റെ ക്യാമറ കണ്ണില്‍ ഒപ്പിയെടുത്തശേഷം ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടികളുടേയും ഭാഗവാനെ തൊട്ടുനില്‍ക്കുന്ന ഭക്തരുടെ ചിത്രവും ഇദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണം റസൂല്‍പൂക്കുട്ടിയാണ് നല്‍കിയത്. തുടര്‍ന്ന് നിക് ഊട്ടിനായി അമ്പലപ്പുഴ സുരേഷ് വര്‍മ്മ ഓട്ടന്‍തുള്ളലിന്റെ ചില ഭാഗങ്ങളും അവതരിപ്പിച്ചു. 

തുള്ളല്‍ പിറന്ന കളിത്തട്ടിലാണ് വര്‍മ്മ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. തുള്ളലിന് ശേഷം സുരേഷ് വര്‍മ്മ നല്‍കിയ അമ്പലപ്പുഴ പാല്‍പ്പായസവും കുടിച്ചശേഷമാണ് നിക്ക് ഊട്ടും റസൂല്‍ പൂക്കുട്ടിയും മടങ്ങിയത്. ഇതിനിടയില്‍ നമ്പ്യാരുടെ മിഴാവിന്റെ ചിത്രമെടുക്കാനും നിക് ഊട്ട് മറന്നില്ല. ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ച ഈ ഫോട്ടോഗ്രാഫറിന് അമ്പലപ്പുഴ ക്ഷേത്രവും ഓട്ടന്‍തുള്ളലും അത്ഭുതമായിരുന്നു. ഒട്ടേറെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ നിക് ഊട്ടിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍.

Nick Ut visit Ambalappuzha sreekrishna temple


 

Follow Us:
Download App:
  • android
  • ios