Asianet News MalayalamAsianet News Malayalam

ബില്ലും ക്യാഷ് കൗണ്ടറുമില്ലാത്ത ഒരു ആശുപത്രി

  • പന്ത്രണ്ടായിരത്തിലധികം പേരുമായി ഇതിനകം ശാന്തിഭവന്‍ സമ്പര്‍ക്കം പുലര്‍ത്തിക്കഴിഞ്ഞു
No bills cash counters a hospital Santhi Bhavan Palliative Hospital

തൃശൂര്‍: ചികിത്സ തേടിയാല്‍ കഴുത്തറപ്പന്‍ ബില്ല് വരുന്ന സ്വകാര്യ ആശുപത്രികളെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. ചെറിയൊരു പനി വന്നാലും നല്ലൊരു തുക ആശുപത്രിയില്‍ ചെലവാകും. വീട്ടില്‍ പ്രായമേറിയ ഒരു കിടപ്പുരോഗിയുണ്ടായാല്‍ പിന്നെ പറയുകയും വേണ്ട.  മരണം കാത്തു കഴിയുന്ന കിടപ്പു രോഗികളുടെ കാര്യമാണെങ്കില്‍ ചിലര്‍ പണമൂറ്റിയെടുക്കുകയും ചിലര്‍ ആശുപത്രികളില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. ഇതോടെ വേദന സഹിച്ച് വീടുകളില്‍ തന്നെ കഴിയേണ്ടി വരുന്നവരും ഏറെ.

എന്നാല്‍ കിടപ്പുരോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയുണ്ട് തൃശൂരില്‍. ഇവിടെ ബില്ലും ക്യാഷ് കൗണ്ടറുമൊന്നുമില്ല. പല്ലിശ്ശേരിയിലുളള ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലാണിത്. കിടപ്പുരോഗികള്‍ക്കു വേണ്ടിയുളള ഇന്ത്യയിലെ തന്നെ ആദ്യത്തെ ആശുപത്രി. ചികിത്സ, മരുന്ന്, പരിശോധന, ഭക്ഷണം എല്ലാം തീര്‍ത്തും സൗജന്യം. കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഡയാലിസിസ് സെന്റര്‍, ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമാണ്. കൂടാതെ തൃശൂര്‍ ജില്ലയില്‍ എല്ലായിടത്തും കിടപ്പുരോഗികളുളള വീടുകളിലേക്കും ശാന്തിഭവന്റെ സൗജന്യ സേവനം എത്തുന്നുണ്ട്. 

ആശുപത്രിയില്‍ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ കിടപ്പുരോഗികളെ വീടുകളിലെത്തി ശുശ്രൂഷിക്കാന്‍ ശാന്തിഭവന്റെ വിദഗ്ധ സംഘമെത്തും. കിടപ്പുരോഗികള്‍ക്ക് ശാന്തമായ മരിക്കാനുളള സാഹചര്യമല്ല ഇവിടെ ഒരുക്കുന്നത്, അവര്‍ നഷ്ടപ്പെട്ടെന്നുകരുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തല്‍ കൂടിയാണ്. നാനാമതസ്ഥരായ സമീപവാസികള്‍ മാസംതോറും നല്‍കുന്ന സഹായം കൊണ്ടാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഒപ്പം ഇവിടത്തെ സേവന പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞുകൊണ്ട് നല്ല മനസ്സുകള്‍ നല്‍കുന്ന സഹായം കൊണ്ടും. 

തിരിച്ചു വരില്ലെന്ന് കരുതിയ നിരവധി രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ശാന്തിഭവനു കഴിഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസ്‌കന്‍ സിസറ്റേഴ്സ് ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ സന്യാസിനികളും തൃശൂര്‍ അതിരൂപതയുടെ കീഴിലുളള അഭയം പാലിയേറ്റീവ് കെയറും സംയുക്തമായാണ് ആശുപത്രിയുടെ നടത്തിപ്പ്. ആശുപത്രിക്കു പുറമേ അഞ്ച് റീജീയണല്‍ സെന്ററുകളും പ്രാദേശികമായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും ഇവിടെ ചികിത്സ ലഭ്യാണ്. എല്ലാവര്‍ക്കും സൗജന്യമായി ഡോക്ടര്‍മാരെ കാണാന്‍ അവസരമുണ്ട്. ഫാര്‍മസിയും ലാബുകളുമൊക്കെ ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ലാഭമില്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം. 

സൗജന്യമായി ഡോക്ടറെ കണ്ട് തുച്ഛമായ തുകയ്ക്ക് പരിശോധനകള്‍ നടത്തി മരുന്നുകള്‍ വാങ്ങി പോകാനുളള അവസരമാണ് അഭയം - ശാന്തിഭവന്‍ ഒരുക്കുന്നത്. 2014 മുതല്‍ വീടുകളില്‍ പാലിയേറ്റീവ് കെയര്‍ കൊടുത്തുകൊണ്ടാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷം മുമ്പ് ആശുപത്രി എന്ന ആശയം സാക്ഷാല്‍ക്കരിച്ചു. ഡയാലിസിസ്, സ്്കാനിംഗ് ഉള്‍പ്പടെ കിടപ്പുരോഗികള്‍ക്ക് എല്ലാ സൗകര്യങ്ങളും സൗജന്യമാണ്. സൗജന്യമായി  മോബൈല്‍ ഫ്രീസറും റീജിയണല്‍ സെന്ററുകളില്‍ നിന്നും നല്‍കുന്നുണ്ട്.  

കാന്‍സര്‍ പോലെയുളള മാരക രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നതിന് ആശുപത്രിയിലും റീജിയണല്‍ സെന്ററുകളിലും ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകള്‍ ശാന്തിഭവന്‍ നടത്തുന്നുണ്ട്. 48 പരിശോധനകള്‍ തുച്ഛമായ നിരക്കില്‍ ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. ദിവസങ്ങള്‍ക്കു മുമ്പ് ശാന്തിഭവന്‍ ഹോസ്പിറ്റലിന്റെ എറണാകുളം സോണ്‍ ആലുവ അശോകപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 

എല്ലാ ജില്ലകളിലും ഓരോ സോണും അതിനു കീഴില്‍ നിരവധി റീജിയണല്‍ സെന്ററുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം. പാലിയേറ്റീവ് കെയര്‍ ഹോസ്പിറ്റല്‍ ഓരോ ജില്ലയ്ക്കും ഒന്ന് എന്ന ലക്ഷ്യത്തോടെയുമാണ് പ്രവര്‍ത്തനം. 15 വാഹനങ്ങളിലാണ് വിദഗ്ധ മെഡിക്കല്‍ സംഘം തൃശൂര്‍ ജില്ലയിലെ കിടപ്പ് രോഗികളുളള നിരവധി വീടുകളിലെത്തുന്നത്. പന്ത്രണ്ടായിരത്തിലധികം പേരുമായി ഇതിനകം ശാന്തിഭവന്‍ സമ്പര്‍ക്കം പുലര്‍ത്തിക്കഴിഞ്ഞു. ഫാ. ജോയ് കുത്തൂര്‍, പാലിയേറ്റീവ് - സിഇഒ, സിസ്റ്റര്‍ റോസല്‍ബ എഫ് എസ് സി. - അഡ്മിനിസ്ട്രേറ്റര്‍ എ്ന്നിവരാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios