Asianet News MalayalamAsianet News Malayalam

കേന്ദ്ര പദ്ധതികളും മോദിയും വേണ്ട; സ്വന്തം നേട്ടങ്ങള്‍ പ്രചാരണായുധമാക്കി മധ്യപ്രദേശ് മുഖ്യന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമം കുറിക്കാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാന മണ്ഡലങ്ങളെ കോര്‍ത്തിണക്കി അവസാന റൗണ്ട് പ്രചാരണമാണ് ബിജെപി നടത്തുന്നത്.

no modi no central govt projects in shivraj singh chauhan election strategy
Author
Bhopal, First Published Nov 15, 2018, 1:27 PM IST

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ചൂട് കനത്ത മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താന്‍ എല്ലാ അടവും പ്രയോഗിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപി 2014 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും പിന്തുടരുന്ന മോദി പ്രഭാവത്തെ ഉയര്‍ത്തിക്കാട്ടിയുള്ള തന്ത്രത്തെ അപ്പാടെ മാറ്റിയാണ് ചൗഹാന്‍റെ പ്രചാരണം മുന്നേറുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ കൂടുതലായി എടുത്ത് പറഞ്ഞ് കോണ്‍ഗ്രസിന്‍റെ കോട്ടങ്ങളെ വിമര്‍ശിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചോ കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചോ ഒന്നും ചൗഹാന്‍ പല യോഗങ്ങളിലും പ്രസംഗിക്കുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമം കുറിക്കാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാന മണ്ഡലങ്ങളെ കോര്‍ത്തിണക്കി അവസാന റൗണ്ട് പ്രചാരണമാണ് ബിജെപി നടത്തുന്നത്. സര്‍ക്കാര്‍ നല്‍കിയ റോഡ്, വെെദ്യുതി, മറ്റ് വികസനങ്ങളാണ് ചൗഹാന്‍റെ പ്രചാരണവിഷയങ്ങള്‍.

നോട്ട് നിരോധനത്തില്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വികാരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ് നോക്കുമ്പോള്‍ അത്തരം വിഷയങ്ങളെ മാറ്റി നിര്‍ത്തി പ്രാദേശിക പ്രശ്നങ്ങളെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുന്നോട്ട് കൊണ്ട് വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

അതേസമയം, മധ്യപ്രദേശിൽ അനുമതി ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചരണ റാലി നടത്തിയതിന് ബിജെപി സ്ഥാനാര്‍ഥിക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തതിന് പിന്നാലെ ബിജെപി വക്താവ് സംബിത് പത്രക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗതാഗതം തടസപ്പെടുത്തി വഴിയരികില്‍ സംബിത് പത്രസമ്മേളനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. വഴിയരികില്‍ മാധ്യമങ്ങളെ കണ്ടതിലുപരി കമ്മീഷന്‍ അനുവദിച്ച സമയക്രമം തെറ്റിച്ചതിനെ തുടര്‍ന്നാണ് നടപടി. ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ര മാധ്യമങ്ങളെ കണ്ടത് ഉച്ചയ്ക്ക് 12നും 12.30നും ഇടയിലാണ്. 

Follow Us:
Download App:
  • android
  • ios