Asianet News MalayalamAsianet News Malayalam

അലോക് വര്‍മ്മക്കെതിരെ കാര്യമായ തെളിവില്ല; റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതിയില്‍

അർദ്ധരാത്രി സിബിഐയിൽ നടത്തിയ അട്ടിമറിക്ക് കേന്ദ്രം പറഞ്ഞ പ്രധാന കാരണം അലോക് വർമ്മക്കെതിരായ ആരോപണമാണ്. രണ്ടാഴ്ചത്തെ സമയം അന്വേഷണത്തിന് സുപ്രീംകോടതി നല്‍കി. മുൻ സുപ്രീം കോടതി ജഡ്ജി എ.കെ പട്നായിക്കിന്‍റെ നിരീക്ഷണത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ കിട്ടിയില്ല.

no vidence against Alok Verma report will be submitted tomorrow in supreme court
Author
Delhi, First Published Nov 11, 2018, 11:40 AM IST

ദില്ലി: സിബിഐ ഡയറക്ടർ സ്ഥാനത്ത് അലോക് വർമ്മ വീണ്ടുമെത്താൻ സാധ്യത തെളിയുന്നു. സുപ്രീം കോടതി മേൽനോട്ടത്തിൽ അലോക് വർമ്മയ്ക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കാര്യമായ തെളിവൊന്നും കിട്ടിയില്ലെന്നാണ് സൂചന. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോർട്ട് നാളെ കോടതി പരിഗണിക്കും.

അർദ്ധരാത്രി സിബിഐയിൽ നടത്തിയ അട്ടിമറിക്ക് കേന്ദ്രം പറഞ്ഞ പ്രധാന കാരണം അലോക് വർമ്മക്കെതിരായ ആരോപണമാണ്. രണ്ടാഴ്ചത്തെ സമയം അന്വേഷണത്തിന് സുപ്രീംകോടതി നല്‍കി. മുൻ സുപ്രീം കോടതി ജഡ്ജി എ.കെ പട്നായിക്കിന്‍റെ നിരീക്ഷണത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ കിട്ടിയില്ല. മൊയിൻ ഖുറേഷി കേസിൽ ഉൾപ്പെട്ട സതീഷ് സനയിൽ നിന്ന് അലോക് വർമ്മയും കൈക്കൂലി വാങ്ങിയെന്നാണ് മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന നല്കിയ പരാതി. 

സതീഷ് സനയുടെയും, അലോക് വർമ്മയുടെയും മൊഴി വിജിലൻസ് കമ്മീഷൻ രേഖപ്പെടുത്തി. സിബിഐ ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചു. ഗുരുതര പിഴവുണ്ടെങ്കിലേ സിബിഐ ഡയറക്ടറെ സ്ഥാനത്തു നിന്ന് നീക്കാൻ ആവൂ. ഇത് തെളിയാത്ത സാഹചര്യത്തിൽ നാളെ കേന്ദ്രവും സിവിസിയും കോടതിയിൽ എന്തു നിലപാട് സ്വീകരിക്കും എന്നതിനായി കാത്തിരിക്കണം. 

ഡയറക്ടറെ മടക്കി കൊണ്ടുവരാൻ കോടതി ഉത്തരവിട്ടാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് വ്യക്തിപരമായി തിരിച്ചടിയാകും. കോടതിയുടെ ഏത് പ്രതികൂല പരാമർശവും പ്രതിപക്ഷത്തിന് നേട്ടമാകും. നാളെ നാല്‍പ്പത്തിയേഴാമത്തെ കേസായിട്ടാവും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് അലോക് വർമ്മയുടെയും പ്രശാന്ത് ഭൂഷന്‍റെയും ഹർജികൾ പരിഗണിക്കുക. അലോക് വർമ്മ മടങ്ങിയെത്തിയാൽ അസ്താന കേസ് അന്വേഷിക്കുന്ന എ.കെ ബസിയുടെ ഉൾപ്പടെ സ്ഥലം മാറ്റം തൊട്ടു പിന്നാലെ റദ്ദാക്കും എന്നുറപ്പാണ്. ബുധനാഴ്ചയാണ് റഫാൽ ഇടപാടിൽ സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണിക്കുന്നത്. നാളത്തെ കോടതി തീരുമാനം റഫാൽ ഇടപാടിൽ അന്വേഷണത്തിനും വഴിവെച്ചേക്കാം.

Follow Us:
Download App:
  • android
  • ios