Asianet News MalayalamAsianet News Malayalam

ഓഖി; മരണം 32ആയി, 92 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ockhi cyclone rescue continue
Author
First Published Dec 5, 2017, 8:10 AM IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഇന്നും തുടരും. ഇതുവരെ 544 പേരെ രക്ഷപ്പെടുത്തി. ഇനിയും 92 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ കടലില്‍ വ്യാപിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാം എന്ന പ്രതീക്ഷയിലാണ് സേനാവിഭാഗങ്ങള്‍.

കേരള തീരത്തും ലക്ഷദ്വീപിലുമായി തെരച്ചില്‍ തുടരുന്ന പത്ത് നാവിക കപ്പലുകള്‍ 200 നോട്ടിക്കില്‍ മൈല്‍ അകലെവരെ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ തെരച്ചില്‍ ഇനി മുതല്‍ കൂടുതല്‍ സുഗമമാകുമെന്നാണ് നാവിക സേന ,കോസ്റ്റ്ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള സേനാവിഭാഗങ്ങളുടെ പ്രതീക്ഷ.

ആഴക്കടലില്‍ തെരച്ചിലിന് മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായവുമുണ്ട്. കാണാതായവരില്‍ കൂടുതലും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരായതിനാല്‍ അവിടെ നിന്നുള്ളവരാണ് തെരച്ചില്‍ സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ തിരിച്ചെത്താനുള്ളവരുടെ കണക്കും, ഇതര സംസ്ഥാനങ്ങളില്‍, ലക്ഷദ്വീപിലും സുരക്ഷിതരായവരുടെ കൃത്യമായ  വിവരങ്ങളും ലഭ്യമല്ലാത്തതിനാല്‍ തീരത്ത് ഇപ്പോഴും ആശങ്ക തുടരുകയാണ്. 

മരിച്ച നിലയില്‍ കണ്ടെത്തുന്നവരെ ദൗത്യസംഘങ്ങളിലുള്ള മത്സ്യബന്ധനത്തൊഴിലാളികളാണ് തിരിച്ചറിയാന്‍ സഹായിക്കുന്നത്. മൃതദേഹങ്ങള്‍ പലതും അഴുകിയ അവസ്ഥയിലാകുന്നത് തിരിച്ചറിയല്‍ ദുഷ്‌കരമാക്കുന്നുണ്ട്. തോപ്പുംപടിയില്‍ നിന്ന് പോയ 115 ബോട്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ലാഭരണകൂടം അറിയിച്ചു. മത്സ്യബന്ധനത്തൊഴിലാളികള്‍ക്കുള്ള നാശനഷ്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

66 ബോട്ടുകള്‍ നേരത്തേ മഹാരാഷ്ട്രാ തീരത്ത് എത്തിയിരുന്നു. ഇതുപോലെ മറ്റ് തീരങ്ങളില്‍ എത്തിയിരിക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്ന വിശ്വാസത്തിലാണ് ബന്ധുക്കള്‍. ഇതിനിടെ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷാണ് മരിച്ചത്.  

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ തമിഴ്‌നാട് - ആന്ധ്ര തീരങ്ങള്‍ക്ക് ഇടയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് ഉടന്‍ തിരിച്ചെത്താന്‍ രണ്ട് ദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു.ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായാല്‍ അതിന് സാഗര്‍ എന്നാകും പേര് നല്‍കുക. ന്യൂനമര്‍ദത്തിന്റെ ഫലമായി തമിഴ്‌നാട്-ആന്ധ്ര തീരമേഖലയില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്. 
 

Follow Us:
Download App:
  • android
  • ios