Asianet News MalayalamAsianet News Malayalam

ഓഖി; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

Okhi today follow up
Author
First Published Dec 4, 2017, 6:29 AM IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.  കടലിൽ കുടുങ്ങിയ 96 മത്സ്യത്തൊഴിലാളികളെയാണ് ഇനി കണ്ടെത്താനുള്ളത്. രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതീരാമന്‍ ഇന്ന് തീരദേശ മേഖലകൾ സന്ദർശിക്കും.

ഓപ്പറേഷൻ സെനർജി അഞ്ചാം നാളിലേക്ക് കടക്കുമ്പോഴും തീരത്ത് ആശങ്ക വിട്ടൊഴയുന്നില്ല. മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുന്നു. കാറ്റും പ്രതികൂല കലാസവസ്ഥയും മൂലം എണ്‍പത് നോട്ടിക്കൽ മൈൽ അകലെ നിന്ന് വരെ മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തി.

രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്താനും  ഓഖി ബാധിത പ്രദേശങ്ങൾസന്ദർശിക്കാനുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കേരളത്തിലെത്തും . ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച പറ്റിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ ദുരന്ത നിവാരണ അതോറിറ്റി ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ദുരന്തബാധിത പ്രദേശമായ വിഴി‍ഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.

രോഷാകുലരായ നാട്ടുകാർ മിനിറ്റുകളോളം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു വെച്ചു. ഇതോടെ സുരക്ഷാ കാരണങ്ങളാൽ മുഖ്യമന്ത്രിയുടെ  പൂന്തുറ സന്ദർശനം റദ്ദാക്കി . രക്ഷാ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങൾ ആവര്‍ത്തിക്കുമ്പോഴും കടലിൽ കാണാതായവരെക്കുറിച്ചോ തിരിച്ചെത്തിയവരെക്കുറിച്ചോ ആധികാരിക വിവരങ്ങൾ ഒന്നും ലഭ്യമല്ല. മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയാനുമായിട്ടില്ല.
 

Follow Us:
Download App:
  • android
  • ios