Asianet News MalayalamAsianet News Malayalam

തൊഴില്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുവാന്‍ ഒമാനില്‍ അതി വേഗ കോടതികള്‍

Oman to set upo fast track labour courts
Author
First Published Dec 12, 2017, 12:37 AM IST

മസ്കറ്റ്: തന്‍ഫീദ് പദ്ധതി പ്രകാരം തൊഴില്‍  കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുവാന്‍ പ്രഖ്യാപിച്ച അതിവേഗ കോടതികള്‍ 2018 ആദ്യ പാദം തുറക്കുമെന്ന്  ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം. അതിവേഗ കോടതിയെ സഹായിക്കുന്നതിന് നിയമ വിദഗ്ദ്ധര്‍ അടങ്ങിയ സാങ്കേതിക  കമ്മറ്റിക്ക് രൂപം നല്‍കി കഴിഞ്ഞതായും  മാനവവിഭവശേഷി മന്ത്രാലയം വ്യകതമാക്കി .

തൊഴില്‍  നിയമവുമായി ബന്ധപെട്ട  തര്‍ക്കങ്ങള്‍  വേഗത്തില്‍ പരിഹരിക്കുവാന്‍  ലക്ഷ്യമിട്ടു മന്ത്രാലയം നടപ്പില്‍ വരുത്തുന്ന പുതിയ നിയമ  ഭേദഗതികളുടെ  ഭാഗമായിട്ടാണ് ഒമാനില്‍ അതിവേഗ കോടതികള്‍ തുറക്കുന്നത്. നിലവില്‍ ഒമാനില്‍  തൊഴില്‍ തര്‍ക്കങ്ങള്‍  തീര്‍പ്പാക്കുവാന്‍ മാസങ്ങള്‍ വേണ്ടി വരുന്നുണ്ട്. പുതിയ നിയമ സംവിധാനം നിലവില്‍  വരുന്നതോടു കൂടി, ഇപ്പോള്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുവാന്‍ കഴിയും.

നിയമ വിദഗ്ദ്ധര്‍ അടങ്ങിയ സാങ്കേതിക കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും കോടതി സംബന്ധിച്ചുള്ള  തുടര്‍ നടപടികള്‍ സ്വീകരിക്കുക.മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും അതിവേഗ കോടതിയുടെ നീക്കങ്ങള്‍. ഒമാന്റെ സാമ്പത്തികമേഖല ശക്തിപെടുത്തുവാനുള്ള ദേശീയ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമായാണ് അതിവേഗ കോടതികള്‍ രാജ്യത്തു തുറക്കുന്നത്. 2020ഓടു കൂടി ഒമാന്റെ ആഭ്യന്തര  ഉത്പാദനം 660  കോടി ഒമാനി റിയല്‍ ആയി  വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് തന്‍ഫീദ് പദ്ധതി  രാജ്യത്തു  ആസൂത്രണം ചെയ്തിട്ടുള്ളത്.

 

Follow Us:
Download App:
  • android
  • ios