Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ ഓൺലൈൻ ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്

ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവർമാരിൽ നിന്ന് അമിത കമ്മീഷൻ ഈടാക്കുന്നു, സർക്കാർ നിശ്ചയിച്ച ടാക്സി ചാർജ്ജ് ലഭ്യമാക്കുന്നില്ല തുടങ്ങി വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ ദിവസങ്ങളായി സമരത്തിലാണ്. 

Online taxi strike in kochi
Author
Kochi, First Published Dec 7, 2018, 8:01 AM IST

കൊച്ചി: കൊച്ചിയിലെ ഓൺലൈൻ ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഇന്ന് രാത്രി മുതൽ ഓൺലൈൻ ടാക്സികൾ നിരത്തിലിറങ്ങില്ലെന്ന് സംയുക്ത തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു. സർക്കാർ നിശ്ചയിച്ച ടാക്സി ചാർജ്ജ് ഉറപ്പാക്കണമെന്നതുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവർമാരിൽ നിന്ന് അമിത കമ്മീഷൻ ഈടാക്കുന്നു, സർക്കാർ നിശ്ചയിച്ച ടാക്സി ചാർജ്ജ് ലഭ്യമാക്കുന്നില്ല തുടങ്ങി വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ ദിവസങ്ങളായി സമരത്തിലാണ്. നിരാഹാരമിരുന്ന തൊഴിലാളി നേതാവിനെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കിയതോടെ വ്യാഴാഴ്ച രാത്രി മുതൽ തൊഴിലാളികൾ പണിമുടക്കി സമരം തുടങ്ങി. 

ഊബർ, ഓല ഓൺലൈൻ ആപ്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന നിലപാടിലാണ് ടാക്സി ഡ്രൈവ‍മാർ. ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടേതാണ് സമര തീരുമാനം. ഇതോടെ കൊച്ചിയിലെ നാലായിരത്തിലധികം ഓൺലൈൻ ടാക്സികൾ സർവ്വീസ് നടത്തില്ലെന്ന് സമരസമിതി അറിയിച്ചു. രണ്ട് തവണകളായി ട്രാൻസ്പോർട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ പ്രശ്നപരിഹാരത്തിന് ചർച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് കടന്നത്. 

ഓൺലൈൻ ടാക്സി കമ്പനികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് നിയമമില്ല. ഇത് സംബന്ധിച്ച് നയം രൂപീകരിക്കുന്നതിനുള്ള നടപടികൾ ആലോചനയിലാണെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രതികരണം. നിലവിലെ തൊഴിലാളികളിൽ ഭൂരിഭാഗം പേരും സമരം തുടങ്ങിയതോടെ അപേക്ഷ നൽകി കാത്ത് നിൽക്കുന്ന മറ്റ് ‍ഡ്രൈവർമാരെ ശൃംഖലയുടെ ഭാഗമാക്കി സമരം നേരിടാനാകും ഓൺലൈൻ ടാക്സി കമ്പനികളുടെ ശ്രമം. 

Follow Us:
Download App:
  • android
  • ios