news
By Web Desk | 09:02 AM March 21, 2018
ഇറാഖിലെ നഴ്‌സുമാരുടെ മോചനം: വെളിപ്പെടുത്തലുകളുമായി ഉമ്മന്‍ചാണ്ടി

Highlights

  • ഇക്കാര്യങ്ങള്‍ നഴ്സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു.

തിരുവനന്തപുരം: ഇറാഖിലെ മൊസൂളില്‍ വച്ച് 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ മരണവാര്‍ത്തയില്‍ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യമിപ്പോള്‍. തട്ടിക്കൊണ്ടുപോയവരെല്ലാം ബന്ദികളായി ഇപ്പോഴും ജീവനോടെയുണ്ടാവും എന്ന പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ടാണ് പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇവര്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. 

ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ നിന്നും ഇറാഖി സൈന്യം മൊസൂള്‍ മോചിപ്പിച്ചെങ്കിലും പ്രതാപകാലത്തെ ഐഎസ് ഭീകരത വീണ്ടുമൊരിക്കല്‍ കൂടി ചര്‍ച്ചയാവാന്‍ ഇന്ത്യക്കാരുടെ മരണവാര്‍ത്ത കാരണമായിട്ടുണ്ട്. ഇതിനിടയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2014-ല്‍ സമാന സാഹചര്യത്തില്‍ തിക്രിതില്‍ കുടുങ്ങിപ്പോയ 46 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ച സംഭവത്തെക്കുറിച്ചാണ് കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്. 

മുഴുവന്‍ രാജ്യത്തേയും മലയാളികളെ പ്രത്യേകിച്ചും മുള്‍മുനയില്‍ നിര്‍ത്തിയ ആ രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ അവിശ്വസനീയമായ പ്രതിസന്ധികളെക്കുറിച്ച് പോസ്റ്റില്‍ ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്...

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.....

ഇറാക്കിലെ ഐഎസ് ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ് കേട്ടത്. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബില്‍ നിന്നു തൊഴിലാളികളാണിവര്‍ ഏറെയും.

അന്ന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്സമാരെ രക്ഷിക്കാനായത് ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത് യുദ്ധമേഖലയിലാണ് അന്നു മലയാളി നഴ്സുമാര്‍ കുടുങ്ങിപ്പോയത്. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന് ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് യുദ്ധം ചെയ്തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന് ഒഴിപ്പിച്ച് രക്ഷിക്കണം എന്നാവശ്യപ്പെട്ട് നഴ്സമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന് എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്.

ഇതിനിടെ മലയാളി നഴ്സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഐഎസ് ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന് ഇറങ്ങണം എന്നായിരുന്നു അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ് വച്ചിട്ടുണ്ടെന്നും അത് എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ നഴ്സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന് ഇറങ്ങാം എന്ന് അവര്‍ എന്നോടു കട്ടായം പറഞ്ഞു.

ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം!

നഴ്സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്ഫോടനത്തില്‍ തകര്‍ന്നു. ബസ് ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിള്‍ മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന് ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ് ടൗണിലേക്കു നീങ്ങിയത് ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്.

അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട് നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസിത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വി്മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത് മറ്റൊരു ആശങ്കയ്ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്.

നഴ്സമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.

കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന് രാത്രി ഒരു മണിക്ക് എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന് ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി.

പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

 

Show Full Article


Recommended


bottom right ad