Asianet News MalayalamAsianet News Malayalam

പ്രേമചന്ദ്രനെ സംഘിയാക്കാനുള്ള സിപിഎം ശ്രമം വില പോവില്ലെന്ന് ഉമ്മന്‍ ചാണ്ടി

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെതിരേ മോശം പദാവലി പ്രയോഗിച്ചപ്പോള്‍ അതിനു കൊല്ലം ജനത നല്‍കിയ മറുപടി സിപിഎം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി

Oomen chandy statement
Author
Kottayam, First Published Jan 22, 2019, 6:51 PM IST

കോട്ടയം: കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെ സംഘപരിവാറുകാരനാക്കി ചിത്രീകരിക്കാനുള്ള സിപിഎം ശ്രമത്തെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ തോല്‍പിച്ചാണ് എന്‍.കെ.പ്രേമചന്ദ്രന്‍ പാര്‍ലമെന്‍റിലെത്തിയത്. സംഘപരിവാറിനെതിരെ പാര്‍ലമെന്‍റിലും പുറത്തും പ്രേമചന്ദ്രന്‍ നടത്തിയ പോരാട്ടം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതാണെന്നും വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ തീപ്പാറും പോരാട്ടം നടത്തുന്ന പ്രേമചന്ദ്രനെ പോലൊരു വ്യക്തിയെ സംഘിയാക്കാനുള്ള സിപിഎം ശ്രമം കൊല്ലത്ത് വിലപ്പോകില്ലെന്നും അതിനുള്ള വെള്ളം അങ്ങ് വാങ്ങിവച്ചാല്‍ മതിയെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു. 

കൊല്ലം ബൈപ്പാസിനായി മൂന്ന് ദശാബ്ദത്തിലധികം നീണ്ട കാത്തിരിപ്പാണ് പ്രേമചന്ദ്രന്‍റെ ഇടപെടലിലൂടെ അവസാനിച്ചത്. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെയാണ് സിപിഎമ്മിന് വെറളി പിടിച്ചിരിക്കുന്നത്. കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് വിഷയമെങ്കില്‍ കൊച്ചി മെട്രോ ഉദ്ഘാടനം  മൂന്ന് തവണ മാറ്റി ആറ് മാസത്തിന് ശേഷം പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും കുറ്റക്കാരനാണ്. 

മെട്രോയുടെ ഉദ്ഘാടനത്തിനു മോദിയുടേതല്ലാതെ മറ്റൊരു പേരും ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് മുഖ്യമന്ത്രി അന്ന് അവിടെ പ്രസംഗിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡോ. മന്‍മോഹന്‍ സിംഗ് അനുമതിയും ഫണ്ടും നല്‍കിയ പദ്ധതിയില്‍ മോദിക്ക് ഒരു പങ്കുമില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പാര്‍ലെന്റിലേക്ക് കേരളം സംഭാവന ചെയ്ത ഒരു മികച്ച എംപി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ ശ്രദ്ധേയനാണ്.

മുത്തലാഖ് ബില്ലില്‍ അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതും പൊതുസമൂഹത്തിലും മുസ്ലീം സമുദായത്തിലുമൊക്കെ പരക്കെ സ്വീകാരിക്കപ്പെട്ടതുമാണ്. അതുകൊണ്ടാണ്  പ്രേമചന്ദ്രനെ സംഘിയാക്കാന്‍ സിപിഎം വ്യാജപ്രചാരണം നടത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെതിരേ മോശം പദാവലി പ്രയോഗിച്ചപ്പോള്‍ അതിനു കൊല്ലം ജനത നല്‍കിയ മറുപടി സിപിഎം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കുന്നു. 

Follow Us:
Download App:
  • android
  • ios