Asianet News MalayalamAsianet News Malayalam

നിയമസഭ പുനരാരംഭിച്ചു, പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന്  താല്‍ക്കാലികമായി നിര്‍ത്തിവച്ച സഭ പുനരാരംഭിച്ചു. ശൂന്യവേള ഉപേക്ഷിച്ചതായി സ്പീക്കര്‍ അറിയച്ചതോടെ പ്രതിപക്ഷ പ്രതിേഷേധം തുടരുകയാണ്. 

Oppossition mla protest in niyamasabha
Author
Kerala, First Published Nov 28, 2018, 10:43 AM IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന്  താല്‍ക്കാലികമായി നിര്‍ത്തിവച്ച സഭ പുനരാരംഭിച്ചു. ശൂന്യവേള ഉപേക്ഷിച്ചതായി സ്പീക്കര്‍ അറിയച്ചതോടെ പ്രതിപക്ഷ പ്രതിേഷേധം തുടരുകയാണ്. ചോദ്യോത്തര വേളയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേളയ്ക്ക് നാല് മിനുട്ട് മുമ്പായിരുന്നു സഭ നിര്‍ത്തിവച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് സഭ വീണ്ടും തുടങ്ങിയത് സമ്മേളനത്തിന്‍റെ രണ്ടാം ദിവസവും ശബരിമല പ്രശ്നത്തിൽ സഭ പ്രക്ഷുബ്ദമായി‍. നാടകീയ സംഭവങ്ങളാണ് സഭയില്‍ അരങ്ങേറിയത്.

ശബരിമലയിലെ നിന്ത്രണങ്ങള്‍  പൊലീസ് രാജ്, വര്‍ഗീയ ശക്തികള്‍ക്ക് കയ്യടക്കാനുള്ള അവസരമൊരുക്കി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. അതേസമയം ഇന്നലെ വരെ ഉന്നയിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഒഴിവാക്കി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. 

പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം സഭയില്‍ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് വാക്പോരും നടന്നു.  ചോദ്യോത്തരവേള നിര്‍ത്തിവച്ച് ശബരിമല സംബന്ധിച്ച അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

എന്നാല്‍ ഇക്കാര്യം വൈകിയാണ് അദ്ദേഹം അവതരിപ്പിച്ചതെന്നും അടിയന്തര പ്രമേയം പരിഗണിക്കലായിരുന്നു പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെങ്കില്‍ അത് നേരത്തെ വ്യക്തമാക്കാമായിരുന്നു എന്നും, എന്നാല്‍ ചോദ്യോത്തര വേള തടസപ്പെടുത്തലാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കൂടുതല്‍ സമയമെടുത്തുവെന്ന പ്രതിപക്ഷ ആരോപണത്തിന്, ചോദ്യങ്ങള്‍ക്ക്  മറുപടി പറയാന്‍ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിലേ മറുപടി മേശപ്പുറത്ത് വയ്ക്കേണ്ടതുള്ളൂ, എന്നും ഇപ്പോള്‍ അങ്ങനെ ഒന്നും ഇല്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യം കാണിക്കാനുള്ള ഇടമല്ല സഭയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി  സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ  പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം തുടങ്ങിയിരുന്നു. ശബരിമല സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാ‍ർഡും ബാനറുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിൽ എത്തിയത്. തുടര്‍ന്ന് പ്രതിഷേധം അറിയിച്ചുവെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ശേഷം ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷ എംഎല്‍എമാര്‍ വഴങ്ങിയില്ല. 

ആദ്യം സീറ്റിലിരുന്ന പ്രതിഷേധം അറിയിച്ച  പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു പിന്നീടുള്ള പ്രതിഷേധം. ചോദ്യോത്തര വേളയിൽ സഹകരിക്കണമെന്ന് സ്പീക്കര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്‍റെ നിലപാടുകള്‍ മാറ്റാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി. 

ചോദ്യോത്തര വേളയില്‍ ആദ്യത്തെ ചോദ്യം പ്രളയം സംബന്ധിച്ചായിരുന്നു. പ്രളയാനന്തര നടപടികളെ കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെയും പ്രതിഷേധം തുടര്‍ന്നു. യുഡിഎഫിന്‍റെ യുവ എംഎല്‍എമാരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാനും എംഎല്‍എമാര്‍ ശ്രമിച്ചു. മറ്റ് ചില എംഎല്‍മാര്‍ ഇത് തടയുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രി മറുപടി പറയാന്‍ 45 മിനുട്ട് എടുത്തുവെന്ന് ചെന്നിത്തല ആരോപിച്ചു. 14 ചോദ്യങ്ങളുണ്ടായിരുന്നുവെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. പ്രതിപക്ഷത്തിന് പറയാനുള്ള സമയം സ്പീക്കര്‍ അപഹരിച്ചുവെന്നും  ഇങ്ങനെയാണോ സഭ നടത്തേണ്ടതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചു.

അതിനിടെ സഭയില്‍ പുതിയ സമവാക്യങ്ങളും രൂപം കൊണ്ടു.  ബിജെപി എംഎല്‍എയായ ഒ രാജഗോപാലിനെ പൂഞ്ഞാറില്‍ നിന്നുള്ള  എംഎല്‍എ പിസി ജോര്‍ജ് നിയമസഭയില്‍ ഒരുമിച്ചായിന്നു ഇരുന്നത്. ഇരുവരും പ്രതിഷേധങ്ങളില്‍ പങ്കെടുത്തില്ല. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പണിഞ്ഞാണ്  പിസി ജോർജ്ജ് നിയമസഭയിലേക്ക് എത്തിയത്. അതേസമയം ഹൈക്കോടതി അയോഗ്യനാക്കിയ കെഎം ഷാജി എംഎല്‍എ സുപ്രിംകോടതിയുടെ ഉപാധികളോടെയുള്ള സ്റ്റേയുടെ ബലത്തില്‍ സഭയിലെത്തി. ആര്‍പ്പ് വിളിച്ചാണ് കെഎം ഷാജി എംഎല്‍എയെ മറ്റ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്വീകരിച്ചത്.

Follow Us:
Download App:
  • android
  • ios