Asianet News MalayalamAsianet News Malayalam

ആചാരം ലംഘിച്ചാല്‍ നടയടയ്ക്കണം; തന്ത്രിക്ക് പന്തളം കൊട്ടാരത്തിന്‍റെ നിര്‍ദേശം, പിന്‍മാറില്ലെന്ന് മനിതി സംഘം

ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പന്തളം കൊട്ടാരം. ആചാര ലംഘനം ഉണ്ടാകരുതെന്ന നിർദേശം പന്തളം കൊട്ടാരം ദൂതൻ മുഖേനെ തന്ത്രിയെ അറിയിച്ചു.

Panthalam royal family repeat about sabarimala women entry
Author
Kerala, First Published Dec 23, 2018, 8:56 AM IST

പത്തനംതിട്ട: ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പന്തളം കൊട്ടാരം. ആചാര ലംഘനം ഉണ്ടാകരുതെന്ന നിർദേശം പന്തളം കൊട്ടാരം ദൂതൻ മുഖേനെ തന്ത്രിയെ അറിയിച്ചു. ആചാരലംഘനം ഉണ്ടായാൽ എന്ത് വേണം എന്നുള്ള മുൻ നിലപാടിൽ തന്നെ ആണ് പന്തളം കുടുംബം നിലകൊള്ളുന്നതെന്നായിരുന്നു കൊട്ടാരം അറിയിച്ചത്. 

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പന്തളം കൊട്ടാരവും തന്ത്രിയും നിലപാട് വ്യക്തമാക്കിയിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും തുലാമാസ പൂജയ്ക്കും മലകയറായന്‍ യുവതികള്‍ എത്തിയപ്പോള്‍, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നായിരുന്നു പന്തളം കൊട്ടാരം  നിലപാടെടുത്തത്. തന്ത്രിയും സമാന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പന്തളം കൊട്ടാരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയുടെ നേതാവ് സെല്‍വിയടക്കമുള്ള 11 അംഗ സംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. മൂന്ന് മണിക്കൂറിലേറെയായി ഒരു വശത്ത് പ്രതിഷേധക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുന്നുണ്ട്.

പൊലീസ് സെല്‍വിയടക്കമുള്ള യുവതികളുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മനിതി സംഘം. അതിനിടെ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനോടൊപ്പം പ്രതിഷേധവും ശക്തമാകുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മനിതി സംഘവുമായി ചര്‍ച്ച നടത്തി അനുനയ ശ്രമങ്ങള്‍ തുടരുമെന്നാണ് വിവരം. അതേസമയം മനിതി സംഘത്തിലെ കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കിയിട്ടുണ്ട്. വയനാട്ടില്‍ നിന്ന് ഒരു സംഘം പുറപ്പെട്ടതായി ദലിത് നേതാവ് അമ്മിണിയും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios