Asianet News MalayalamAsianet News Malayalam

ഡോക്ടര്‍മാരുടെ അനാവശ്യ സമരം ജനങ്ങള്‍ തിരിച്ചറിയണം: മന്ത്രി കെ.കെ. ശൈലജ

  • നാലര മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുന്നത് എങ്ങനെ അധികഭാരമാകുമെന്ന് മന്ത്രി കെ.കെ.ശൈലജ
people need to understand the unnecessary strike

തിരുവനന്തപുരം: ഒരു വിഭാഗം ഡോക്ടര്‍മാരുടെ അനാവശ്യ സമരം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജോലിഭാരം കൂടുന്നുവെന്നാരോപിച്ചും കുമരംപുത്തൂരിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തു എന്നാരോപിച്ചുമാണ് കെ.ജി.എം.ഒ.എ. സമരം പ്രഖ്യാപിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം ഒരിക്കലും കൂട്ടിയിട്ടില്ല. മതിയായ ജീവനക്കാരെ നിയമിച്ചാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. 

നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5 മണിക്കൂര്‍ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നാലരമണിക്കൂര്‍ മാത്രമാണ് ഡ്യൂട്ടി ചെയ്യുന്നത്. രോഗികളെ വലച്ച് ഡ്യൂട്ടിക്കെത്താത്ത ഡോക്ടറിനെയാണ് സസ്‌പെന്റ് ചെയ്തത്. രോഗികളുടെ ജീവനെ വച്ച് പന്താടുന്ന ഒരു ശ്രമവും അംഗീകരിക്കില്ലെന്നും ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം 6 മണിവരെയും നാലര മണിക്കൂര്‍ വീതമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം. ഇത് തന്നെ റോട്ടേഷന്‍ വ്യവസ്ഥയിലാണ് നടപ്പിലാക്കുന്നത്. അപ്പോള്‍പ്പിന്നെ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന് പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചു. 

മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ 6 മണിക്കൂറിലധികമാണ് ജോലി ചെയ്യുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒ.പി. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണിവരെയാണ്. കാര്‍ഡിയോളജി പോലെയുള്ള സ്‌പെഷ്യാലിറ്റികള്‍ വൈകുന്നേരം 6 മണിവരെയും പ്രവര്‍ത്തിക്കുന്നു. അതിരാവിലെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയിലാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെ പൊതുജന സേവനത്തിനായി സമയം നോക്കാതെ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് കേവലം നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നത്. 

വ്യക്തമായ കാരണം കൊണ്ടാണ് കുമരംപുത്തൂരിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തത്. മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 3 ഡോക്ടര്‍മാര്‍ ഉള്ളപ്പോള്‍ കുമരം പുത്തൂരില്‍ 4 ഡോക്ടര്‍മാരാണ് ഉള്ളത്. എങ്കിലും ഉച്ചയ്ക്ക് ഒ.പി. നടത്തില്ലെന്ന പിടിവാശിയിലായിരുന്നു അവിടത്തെ ഡോക്ടര്‍മാര്‍. ഉച്ചയ്ക്ക് ഒ.പി. നടത്തരുതെന്ന് കെ.ജി.എം.ഒ. തീരുമാനമുണ്ടെന്ന് പറഞ്ഞ് അവിടത്തെ ഡോക്ടര്‍മാര്‍ ഡി.എം.ഒ.യ്ക്ക് കത്ത് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ അവരോട് സംസാരിച്ച് ഒ.പി. നടത്താമെന്ന് സമ്മതിച്ചതാണ്. എന്നാല്‍ നിരവധി രോഗികളെത്തിയിട്ടും ഉച്ചയ്ക്ക് വരേണ്ട ഡോക്ടര്‍ വരാതെ രോഗികളെ ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്തത്. 

കുമരംപുത്തൂരില്‍ രോഗികളുടെ എണ്ണത്തിലും കാര്യമായി വര്‍ധനവുണ്ടായിട്ടില്ല. കുടുംബാരോഗ്യ കേന്ദ്രമാകുന്നതിന് മുമ്പും ശേഷവം ഇവിടത്തെ ഒ.പി. ഏകദേശം 170 തന്നെയായിരുന്നു. അതേസമയം പാലക്കാട് കിഴക്കഞ്ചേരിയില്‍ ഏകദേശം 300 ഒ.പി. ഉണ്ട്. 4 ഡോക്ടര്‍മാരാണ് അവിടെയുള്ളത്. ഒരു പ്രശ്‌നവുമില്ലാതെ വൈകുന്നേരം വരെയുള്ള ഒ.പി. അവിടെ നടക്കുന്നുണ്ട്. ശ്രീകൃഷ്ണപുരത്ത് ഏകദേശം 200 ഒ.പി.യുണ്ട്. അവിടെ ആകെ 3 ഡോക്ടര്‍മാരെയുള്ളൂ. അവരും വൈകുന്നേരം വരെ ഒ.പി. നടത്തുന്നു. 

ഒരു വിഭാഗം ഡോക്ടര്‍മാരുടെ സമരം ജനങ്ങളോടും രോഗികളോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നത്. ആര്‍ദ്രം പൂര്‍ണമായി നടപ്പിലാക്കിയാല്‍, വൈകുന്നേരം വരെ ഒ.പി.യിലിരുന്നാല്‍ അവര്‍ക്കുള്ള രോഗികളുടെ എണ്ണം കുറയുകയും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് മുടങ്ങുകയും ചെയ്യും എന്നതാണ് അവരെ അലട്ടുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
 

Follow Us:
Download App:
  • android
  • ios