Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുന്നു

Peoples struggles are strengthening in party villages in Kannur
Author
First Published Nov 17, 2017, 9:07 PM IST

കണ്ണൂര്‍: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ചെറു ഇല അനങ്ങണമെങ്കില്‍ പാര്‍ട്ടി തീരുമാനിക്കണം എന്ന അലിഖിത നിയമങ്ങള്‍ക്ക് കോട്ടം തട്ടുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ പാര്‍ട്ടിക്കധീതമായി ജനകീയ വേദികള്‍ പുതിയ പോരാട്ട വേദികള്‍ തുറക്കുകയാണ്.കാസര്‍ഗോഡ് ജില്ലയിലെ കിനാലൂര്‍ - കരിന്തളം പഞ്ചായത്തിലെ തലയടുക്കത്ത് ലാറ്ററേറ്റ് ഖനനം നടത്തുന്നതിനെതരെ രൂപപ്പെട്ട സമരമായിരുന്നു ആദ്യം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.

കോണ്‍ഗ്രസ് ഭരണകാലത്ത് സമരത്തിന് അനുകൂലമായ നിലപാടായിരുന്നു ഡിവൈഎഫ്‌ഐയുടെത്. എന്നാല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ തൊഴിലാളി പ്രശ്‌നം മുന്‍നിര്‍ത്തി അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഖനനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അതോടെ സമരത്തിന് ജനകീയ സ്വഭാവം കൈവരികയും ഗത്യന്തരമില്ലാതെ സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് സമരത്തെ അനുകൂലിച്ച് രംഗത്തെത്തുകയുമായിരുന്നു. ജനകീയ സമരസമിതിയുടെ ശക്തിക്കുമുന്നില്‍ മുട്ടുമടക്കുകയായിരുന്നു ഒടുവില്‍ സംസ്ഥാന ഭരണ നേതൃത്വം.

ഇതിനു തൊട്ടുപിന്നാലെയായിരുന്നു ഏഴിമല നാവല്‍ അക്കാദമിയുടെ മാലിന്യ പ്ലാന്റിനെതിരെയുള്ള ജനകീയ സമരം ആരംഭിച്ചത്. നാവല്‍ അക്കാദമിയുടെ മാനിന്യ പ്ലാന്റ് സ്ഥാപിച്ചിരുന്നത് ജനവാസകേന്ദ്രത്തിന് സമീപമായിരുന്നു. അക്കാദമിയുടെ ആദ്യകാലത്ത് പണിത പ്ലാന്റ് അക്കാദമി വികസിച്ചപ്പോള്‍ കൂടുതല്‍ മാലിന്യം താങ്ങാനാകതെ വരുകയും അധികമായ മാലിന്യം പ്ലാന്റില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലെ ജലാശയങ്ങളിലേക്ക് കലരുകയുമായിരുന്നു.

പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞുനിന്ന നാവല്‍ അക്കാദമിയുടെ ധാര്‍ഷ്ട്യത്തെ വെല്ലുവിളിച്ചായിരുന്നു ജനകീയ സമരസമിതി രൂപം കൊണ്ടത്. സിപിഎം ഭരണത്തിലുള്ള പഞ്ചായത്തില്‍ സമരരംഗത്തെ ജനകീയ പ്രാധിനിത്യത്തോട് നിഷേധാത്മക നിലപാടായിരുന്നു ഭരണപക്ഷത്തിന് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ സമരം ശക്തിപ്രാപിച്ചപ്പോള്‍ സിപിഎം സമരവുമായി സഹകരിക്കാന്‍ തയ്യാറാവുകയായിരുന്നു. സമരം ജനങ്ങള്‍ക്കനുകൂലമായി പര്യവസാനിച്ചു.

ഇതിന് ശേഷമായിരുന്നു സിപിഎം എറെ പ്രതിരോധത്തിലായ തളിപ്പറപ്പ് കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരം. ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിനെതിരെ രൂപപ്പെട്ട പ്രതിരോധം പെട്ടെന്ന് തന്നെ ജനകീയ സമരമായി മാറുകയായിരുന്നു. സമരം നടത്തി ജനകീയമായ പാര്‍ട്ടി ഇവിടെയും പ്രതിരോധത്തിലാകുന്നതാണ് പിന്നീട് കേരളം കണ്ടത്. സമരക്കാരെ തള്ളിപ്പറഞ്ഞ പാര്‍ട്ടി, കീഴാറ്റൂരിലൂടെ ബൈപ്പാസ് കൊണ്ടുവരുമെന്ന് വാദിച്ചു. എന്നാല്‍ ജനകീയ ശക്തിക്കുമുന്നില്‍ സിപിഎമ്മിന് വീണ്ടും അടിയറവ് പറയേണ്ടി വന്നു. ബൈപ്പാസിന്റെ രൂപരേഖയില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞത് ജനകീയ സമര സമിതിയുടെ വിജയമായി.

ഏറ്റവും ഒടുവിലായി പയ്യന്നൂരിലെ കണ്ടക്കാളിയാണ് ജനകീയസമരം ശക്തിപ്രാപിക്കുന്നത്. എണ്ണ സംഭരണശാല സ്ഥാപിക്കാനായി വയല്‍ ഏറ്റെടുക്കുന്നതിനെതിരെയായിരുന്നു കണ്ടങ്കാളിയിലെ ജനകീയ മുന്നേറ്റം. പതിവുപോലെ പരിസ്ഥിതി സംഘടനകളാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ആദ്യം രംഗത്തെത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സമരത്തിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചതോടെ കണ്ടങ്കാളിയിലെ സമരത്തിനും കീഴാറ്റൂരിന് സമാനമായി ജനകീയ മുഖം ലഭിച്ചിരിക്കുകയാണ്. പതിവു പോലെ സിപിഎം സമരത്തിന് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്.

കിഴക്കേ കണ്ടങ്കാളി റെയില്‍വേ ലൈനിനോട് ചേര്‍ന്ന 130 ഏക്കര്‍ സ്ഥലമാണ് എണ്ണ സംഭരണശാലയ്ക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. രണ്ട് വിള കൃഷിനടത്തുന്ന നെല്‍വയലും ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പുനിലമാണ് ഇവിടം. എണ്ണ സംഭരശാലയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനു മുമ്പുള്ള പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെയാണ് ഭൂമിയെറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കണ്ടങ്കാളിയിലെ ജനകീയ സമരവും വിജയിച്ചാല്‍, സമര ചരിത്രത്തിലൂടെ അധികാരം നേടിയ പാര്‍ട്ടിക്ക് ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി അടിപതറും.

 

Follow Us:
Download App:
  • android
  • ios