Asianet News MalayalamAsianet News Malayalam

ലിനിക്ക് സര്‍ക്കാര്‍ ആദരം; പേരാമ്പ്ര  ആശുപത്രിയിലെ പുതിയ വാർഡിന് ലിനിയുടെ പേര്

  • പേരാമ്പ്ര ആശുപത്രിയിൽ സ്ത്രീകൾക്കായി പുതിയ വാർഡ് 
  • വാർഡിന് നഴ്സ് ലിനിയുടെ പേര് നൽകും
perambra taluk hospital news ward named lini
Author
First Published Jun 30, 2018, 7:50 PM IST

കോഴിക്കോട്: നിപ ബാധിച്ചയാളെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ്  മരിച്ച നഴ്സ് ലിനിക്ക് സര്‍ക്കാര്‍ ആദരം. പേരാമ്പ്ര കമ്യൂണിറ്റി ആശുപത്രിയിൽ സ്ത്രീകൾക്കായി പുതിയ വാർഡ് സ്ഥാപിക്കുമെന്നും വാർഡിന് നഴ്സ് ലിനിയുടെ പേര് നൽകുമെന്നും മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. 

അതിനിടെ, നിപ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ നേതൃത്വം നല്‍കിയ ഡോ.എ.എസ് അനൂപ് കുമാറിന് സംസ്ഥാന സര്‍ക്കാറിന്‍റെ പുരസ്കാരം പ്രഖ്യാപിച്ചു. 2017ലെ മികച്ച സേവനം കാഴ്ച വച്ച ഡോക്ടര്‍മാര്‍ക്കുളള അവാര്‍ഡുകളും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു.  കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടറാണ് അനൂപ് കുമാര്‍. 

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരന്‍ പിള്ള സി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് സെക്ടറില്‍ കരമന ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലെ ഡോ. എസ്. രാധാകൃഷ്ണന്‍, ആര്‍.സി.സി, ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ തിരുവനന്തപുരം ആര്‍.സി.സി.യിലെ ഡോ. ചന്ദ്രമോഹന്‍ കെ, ദന്തല്‍ മേഖലയില്‍ തിരുവനന്തപുരം ദന്തല്‍ കോളേജിലെ ഓര്‍ത്തോഡോണ്ടിക്സ് പ്രൊഫസറും മേധാവിയുമായ ഡോ. കോശി ഫിലിപ്പ്, സ്വകാര്യമേഖലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോണ്‍ എന്നിവരെ മികച്ച ഡോക്ടര്‍മാരായി തിരഞ്ഞെടുത്തു.

ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10 ന് നടക്കുന്ന 'നിപ്പ  നിയന്ത്രണം ത്യാഗോജ്ജ്വല സേവനത്തിന് ആദരവും ഡോക്ടേഴ്സ് ദിനാചരണവും’ ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി  കെ.കെ. ശൈലജ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്, മക്കള്‍ എന്നിവരും വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയ ഉബീഷ്, അജന്യ തുടങ്ങിയവരും ചടങ്ങിനെത്തും.

Follow Us:
Download App:
  • android
  • ios